സെമിഫൈനല്‍ മത്സരം ഉപേക്ഷിച്ചു; അപരാജിതരായ ഇന്ത്യന്‍ വനിതകള്‍ ടി-20 ലോകകപ്പ് ഫൈനലില്‍

റിസര്വ് ദിനം ഇല്ലാത്തതിനാല് ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടി.
 | 
സെമിഫൈനല്‍ മത്സരം ഉപേക്ഷിച്ചു; അപരാജിതരായ ഇന്ത്യന്‍ വനിതകള്‍ ടി-20 ലോകകപ്പ് ഫൈനലില്‍

സിഡ്‌നി: ഇന്ത്യന്‍ വനിതാ ടീം ടി-20 ലോകകപ്പിന്റെ ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ശക്തമായ മഴ കാരണം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടി.

മഴ കാരണം 10 ഓഫറാക്കി മത്സരം ചുരുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ സെമിയില്‍ തോല്‍പ്പിച്ച ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടിനേക്കാള്‍ ശക്തമാണ് ഇന്ത്യന്‍ നിര. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതുളള ഷെഫാലി വര്‍മ, വിക്കറ്റുവേട്ടയില്‍ ഒന്നാമതുള്ള പൂനം യാദവ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ നിര തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന രണ്ടാം സെമി വിജയികളാവും ഇന്ത്യയുടെ എതിരാളികള്‍.

ഗ്രൂപ്പ് എയില്‍ കളിച്ച നാല് മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം സെമിയില്‍ ഇടംപിടിച്ചത്. ആതിഥേയരായ ഓസീസിനെ 17 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നാലെ ബംഗ്ലാദേശ്, ന്യൂസിലാന്റ്, ശ്രീലങ്ക എന്നീ ടീമുകളും ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങി.