ഓസീസിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കരിയറിലെ രണ്ടാമത്തെ ട്വന്റി20 മത്സരം കളിക്കുന്ന തങ്കരസ് നടരാജന്റെ പ്രകടനമാണ് ഓസീസിനെ 200 കടക്കുന്നതില് നിന്നും തടയിട്ടത്. നാലോവറില് 20 റണ്സ് മാത്രം വിട്ടുകൊടുത്ത നടരാജന് രണ്ട് നിര്ണായക വിക്കറ്റുകളും നേടി.
 | 
ഓസീസിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സിഡ്‌നി: ഓസീസിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കോലിയും കൂട്ടരും രണ്ട് പന്ത് ബാക്കി നില്‍ക്കെ വിജയം പിടിച്ചെടുക്കുകയായിരുന്നു. 36 പന്തില്‍ 52 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 22 പന്തില്‍ 42 റണ്‍സ് അടിച്ചുകൂട്ടിയ ഹര്‍ദ്ദിഖ് പാണ്ഡ്യയുടെയും പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഓസീസിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച നായകന്‍ മാത്യൂ വെയിഡിന്റെ(32 പന്തില്‍ 58) അതിവേഗ അര്‍ധസെഞ്ച്വറി നേടിയതോടെ ഓസീസ് സ്‌കോര്‍ 200 കടക്കുമെന്ന് തോന്നിപ്പിച്ചു. രണ്ടാമനായി എത്തിയ സ്റ്റീവ് സ്മിത്തും (38 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓസീസ് കുറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയും ചെയ്തു.

കരിയറിലെ രണ്ടാമത്തെ ട്വന്റി20 മത്സരം കളിക്കുന്ന തങ്കരസ് നടരാജന്റെ പ്രകടനമാണ് ഓസീസിനെ 200 കടക്കുന്നതില്‍ നിന്നും തടയിട്ടത്. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത നടരാജന്‍ രണ്ട് നിര്‍ണായക വിക്കറ്റുകളും നേടി. 196 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാനും കെഎല്‍ രാഹുലും(22 പന്തില്‍ 30) മികച്ച തുടക്കമാണ് നല്‍കിയത്. പിന്നാലെയത്തിയ നായകന്‍ കോലിയും ഫോമിലേക്ക് ഉയര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു. 24 പന്തില്‍ 40 റണ്‍സാണ് കോലിയുടെ സംഭാവന.

മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. പതിനഞ്ച് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. മധ്യനിരയില്‍ ഹര്‍ദ്ദിഖ് പാണ്ഡ്യയും (പുറത്താവാതെ 22 പന്തില്‍ 42 റണ്‍സ്) ശ്രേയസ് അയ്യരും(പുറത്താവാതെ 5 പന്തില്‍ 15) ആക്രമിച്ച് കളിച്ചതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തി.