Sunday , 20 October 2019
News Updates

ഷമിയും ജഡേജയും പട നയിച്ചു; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും വിജയം

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 395 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 107 പന്തില്‍ 56 റണ്‍സെടുത്ത ഡെയ്ന്‍ പിഡെറ്റ്, 108 പന്തില്‍ പുറത്താവാതെ 49 റണ്‍സ് നേടിയ സെനൂരന്‍ മുത്തുസ്വാമി എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. സ്‌കോര്‍: ഇന്ത്യ-502/7റ, 323/4റ. ദക്ഷിണാഫ്രിക്ക-431,191.

ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്ക ഷമിക്ക് മുന്നില്‍ തകര്‍ന്നുവീഴുകായിരുന്നു. ഡി ബ്രുയിന്റെ കുറ്റി തെറിപ്പിച്ച് രവിചന്ദ്ര അശ്വിനാണ് അഞ്ചാം ദിനത്തിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ഷമി ഏറ്റെടുത്തു. മിന്നല്‍ വേഗത്തില്‍ പന്തെറിഞ്ഞ ഷമി ബാവുമ(0), ഫാഫ് ഡുപ്ലസി(13), ക്വിന്റണ്‍ ഡികോക്ക്(0) എന്നിവരുടെ വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെ മാന്ത്രിക സ്പിന്നുമായി ജഡേജയും കരുത്തുകാട്ടിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. നൂറ് റണ്‍സെടുക്കുന്നതിന് മുന്‍പ് തന്നെ ദക്ഷിണാഫ്രിക്കയുടെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി.

എന്നാല്‍ വാലറ്റത്ത് മുത്തുസ്വാമിയും പിഡെറ്റും ഇന്ത്യക്ക് തലവേദനയായി. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും സ്‌കോര്‍ബോര്‍ഡ് പതുക്കെ ചലിപ്പിക്കാനും തുടങ്ങിയതോടെ കാര്യങ്ങളുടെ ഗതിമാറുമെന്ന് തോന്നിച്ചു. കഴിഞ്ഞ ഇന്നിംഗ്‌സിലും ഇന്ത്യക്ക് മുത്തുസ്വാമിയെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കോര്‍ 161ല്‍ നില്‍ക്കെ മുഹമ്മദ് ഷമിയുടെ തീപാറും പന്ത് പിഡെറ്റിന്റെ കുറ്റി തെറിപ്പിച്ചു. അവസാന ബാറ്റ്‌സ്മാന്‍ റബാഡയും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചതോടെ ഇന്ത്യയുടെ വിജയം വൈകി. റബാഡെയെ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകകളിലെത്തിച്ച് ഷമി തന്നെയാണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്.

നേരത്തെ സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാര (81)യും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിന് കരുത്തായത്. നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും (32 പന്തില്‍ 40), ക്യാപ്റ്റന്‍ വിരാട് കോലിയും(25 പന്തില്‍ 31 നോട്ടൗട്ട്), അജിങ്ക്യാ രഹാനെയും(17 പന്തില്‍ 27 നോട്ടൗട്ട്) സ്‌കോറിംഗിന്റെ വേഗം വര്‍ദ്ധിപ്പിച്ചതാണ് നാലാം ദിനം അവസാനിക്കും മുന്‍പ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കാന്‍ സഹായിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ നടുവൊടിച്ചത് അശ്വിന്റെ പ്രകടനമാണ്. 7 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

DONT MISS