എറിഞ്ഞിട്ട് ജഡേജയും ഉമേഷ് യാദവും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

ഓപ്പണര് ഡീന് എല്ഗര് മാത്രമാണ് രണ്ടാം ഇന്നിംഗ്സില് സന്ദര്ശകരുടെ നിരയില് തിളങ്ങിയത്. 72 പന്തില് നിന്ന് 48 റണ്സെടുത്ത എല്ഗറിനെ അശ്വിനാണ് വീഴ്ത്തിയത്.
 | 
എറിഞ്ഞിട്ട് ജഡേജയും ഉമേഷ് യാദവും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

പുനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. ഇന്നിംഗ്‌സിനും 137 റണ്‍സിനുമാണ് കോലിയും കൂട്ടരും വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയ ഉമേഷ് യാദവും രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്. അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിലും ഉമേഷ് യാദവ് മൂന്ന് വിക്ക്റ്റ് നേടിയിരുന്നു. സ്‌കോര്‍ ഇന്ത്യ 601/5 ഡിക്ല, ദക്ഷിണാഫ്രിക്ക 275, 189(ഫോളോഓണ്‍).

ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകരുടെ നിരയില്‍ തിളങ്ങിയത്. 72 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത എല്‍ഗറിനെ അശ്വിനാണ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ മാക്രമിനെ രണ്ടാം പന്തില്‍ തന്നെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നാലെ ബ്രൂയ്‌നെ ഉമേഷ് സാഹയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിംഗ്‌സിലും ബ്രൂയ്ന്‍ ഉമേഷിന് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു.

നായകന്‍ ഡുപ്ലസി നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 54 പന്തില്‍ 5 റണ്‍സ് മാത്രമാണ് ഡുപ്ലസി നേടിയത്. എന്നാല്‍ അശ്വിന്‍ സ്പിന്‍ തന്ത്രത്തില്‍ വീണു. ഡികോക്ക്, ബവുമ, സെന്യൂരന്‍ മുത്തുസ്വാമി എന്നിവര്‍ രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ഏതാണ്ട് പൂര്‍ണമായിരിക്കുകയാണ്. വാലറ്റത്ത് പതിവ് രീതിയില്‍ രക്ഷാപ്രവര്‍ത്തനം ആവര്‍ത്തിക്കാന്‍ ഫിലാന്‍ഡറും(72 പന്തില്‍ 37), കേശവ് മഹാരാജും(65 പന്തില്‍ 22) ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇരുവരെയും വീഴ്ത്തി.

നേരത്തെ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് (പുറത്താവാതെ 254) ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാളിന്റെ (195 പന്തില്‍ 108)സെഞ്ച്വറിയോടെയാണ് ഇന്ത്യ തുടങ്ങുന്നത്. പിന്നീട് ചേതശ്വര്‍ പൂജാരയുടെ(112 പന്തില്‍ 58) അര്‍ധ സെഞ്ച്വറി. നായകന്‍ കോലിക്ക് പിന്തുണ നല്‍കി രഹാനെയും(168 പന്തില്‍ 59) അര്‍ധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ വലിയ സ്‌കോറിലെത്തുമെന്ന് ഉറപ്പായിരുന്നു. അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ കോലിയും ജഡേജയും(104 പന്തില്‍ 91) ഇന്ത്യയെ അതിവേഗം 600ല്‍ എത്തിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.