രണ്ടാം വരവ് ആഘോഷമാക്കാന്‍ രവി ശാസ്ത്രി; ശമ്പളത്തുക കേട്ട് അമ്പരന്ന് ആരാധകര്‍

ശാസ്ത്രിക്ക് അടുത്ത തവണ വേള്ഡ് കപ്പ് ഇന്ത്യയിലെത്തിക്കാന് കഴിയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നത്.
 | 
രണ്ടാം വരവ് ആഘോഷമാക്കാന്‍ രവി ശാസ്ത്രി; ശമ്പളത്തുക കേട്ട് അമ്പരന്ന് ആരാധകര്‍

മുംബൈ: രവി ശാസ്ത്രിയുടെ ശമ്പളത്തുകയാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം രവി ശാസ്ത്രിയുടെ ശമ്പളം 20 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. നിലവിലുള്ള കരാര്‍ പ്രകാരം എട്ട് കോടി രൂപയാണ് ഒരു വര്‍ഷം ഇന്ത്യന്‍ ഹെഡ് കോച്ചിന് ലഭിക്കുക. വര്‍ദ്ധനവ് കൂടി കണക്കാക്കിയാല്‍ 9.5 മുതല്‍ 10 കോടി രൂപ വരെയാകും ശാസ്ത്രിയുടെ വാര്‍ഷിക ശമ്പളം.

നായകന്‍ വിരാട് കോലിയുടെ ഇഷ്ട കോച്ചായ ശാസ്ത്രിക്ക് അടുത്ത തവണ വേള്‍ഡ് കപ്പ് ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നത്. ശാസ്ത്രി തിരിച്ചെത്തുന്നതോടെ ഫീല്‍ഡിങ്ങ് കോച്ച് ആര്‍. ശ്രീധര്‍, ബൗളിങ്ങ് കോച്ച് ഭാരത് അരുണ്‍ എന്നിവര്‍ക്കും വീണ്ടും അവസരം ലഭിക്കും. ഇരുവര്‍ക്കുമുള്ള പുതിയ ശമ്പള നിരക്കും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സഞ്ചയ് ബംഗാറിന് ബാറ്റിംഗ് കോച്ചിന്റെ സ്ഥാനം നഷ്ടമാകും. ലോകകപ്പില്‍ മികച്ച നാലാം നമ്പര്‍ താരത്തെ കണ്ടെത്താന്‍ ബംഗാറിന് കഴിയാതെ പോയെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. പിന്നാലെ അദ്ദേഹത്തെ ഒഴിവാക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രിയുടെ രണ്ടാമൂഴത്തില്‍ ടീം വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് ആരാധക പ്രതീക്ഷ.