ലോകകപ്പ് യോഗ്യത; ഖത്തറിനെതിരായ മത്സരം കാണാനെത്തിയ ഇന്ത്യക്കാരെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ല

ആകെ ടിക്കറ്റിന്റെ എട്ട് ശതമാനം മാത്രമാണ് ഇന്ത്യന് പൗരന്മാര്ക്ക് ദോഹയിലെ മത്സരം കാണാനായി അനുവദിച്ചിരുന്നത്.
 | 
ലോകകപ്പ് യോഗ്യത; ഖത്തറിനെതിരായ മത്സരം കാണാനെത്തിയ ഇന്ത്യക്കാരെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ല

ദോഹ: ദോഹയില്‍ നടന്ന ഇന്ത്യ-ഖത്തര്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ ഇന്ത്യന്‍ ആരാധകര്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഇന്ത്യന്‍ ആരാധകരെ അധികൃതര്‍ മടക്കി അയച്ചത്. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മത്സരം കാണാനുള്ള ഔദ്യോഗിക പാസുമായി എത്തിയ ബ്രിട്ടീഷ് വംശജനുള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ആകെ ടിക്കറ്റിന്റെ എട്ട് ശതമാനം മാത്രമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദോഹയിലെ മത്സരം കാണാനായി അനുവദിച്ചിരുന്നത്. ഖത്തറിലെ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം വളരെക്കൂടുതലായതിനാല്‍ ഹോം ടീമിന് പിന്തുണ കുറയുമെന്ന് ഭയന്നാണ് ടിക്കറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ എട്ട് ശതമാനം പേര്‍ക്ക് പോലും സ്‌റ്റേഡിയത്തില്‍ കയറാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ദോഹയിലെ സ്‌റ്റേഡിയത്തില്‍ നൂറു കണക്കിന് പേരാണ് ബ്ലൂ ടൈഗേഴ്‌സിനെ പിന്തുണച്ച് രംഗത്ത് വന്നത്. ആരാധകരുടെ പിന്തുണയ്ക്ക് പിന്നീട് നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു നന്ദി അറിയിക്കുകയും ചെയ്തു.

ദോഹയിലെ ഖത്തറിന്റെ ഹോം മൈതാനത്ത് ഇന്ത്യ വന്‍മതില്‍ തീര്‍ത്തിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ സമനിലയില്‍ തളച്ച ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സമീപകാലത്ത് ഇന്ത്യ കളിച്ച ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണിത്. മത്സര ശേഷം സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദ പ്രകടനവും നടത്തിയിരുന്നു.