ഖത്തറിനെ പിടിച്ചുകെട്ടിയിട്ടും രക്ഷയില്ല; റാങ്കിംഗില്‍ ഛേത്രിയും കൂട്ടരും പിന്നിലേക്ക്!

ഇനിയുള്ള മത്സരങ്ങളില് മികച്ച പ്രകടനം പുറത്തെടുത്താല് മാത്രമെ ഇന്ത്യക്ക് റാങ്കിംഗിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മുന്നേറാനാകൂ
 | 
ഖത്തറിനെ പിടിച്ചുകെട്ടിയിട്ടും രക്ഷയില്ല; റാങ്കിംഗില്‍ ഛേത്രിയും കൂട്ടരും പിന്നിലേക്ക്!

ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനിലയില്‍ പിടിച്ചിട്ടും റാങ്കിംഗില്‍ രക്ഷയില്ലാതെ ബ്ലൂ ടൈഗേഴ്‌സ്. ഫിഫയുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യ 104-ാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. മൂന്ന് സ്ഥാനങ്ങളാണ് പിന്നോട്ട് പോയിരിക്കുന്നത്. ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഖത്തറിനെതിരെ പുറത്തെടുത്തത്. എന്നാല്‍ പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഇത് സഹായിച്ചില്ല.

ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ഇന്ത്യക്ക് റാങ്കിംഗിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മുന്നേറാനാകൂ. ഒമാനെതിരെ അവസാന പത്ത് മിനിറ്റില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ മികച്ചു നിന്നിരുന്നു. ഇനി വരുന്ന മത്സരങ്ങളില്‍ നിര്‍ണായക പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ കഴിയും.

പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ബെല്‍ജിയമാണ്. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ ടീമുകളാണ് യഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനത്തുള്ളത്. ഉറുഗ്വേ, സ്‌പെയിന്‍, ക്രോയേഷ്യ, കൊളംബിയ, അര്‍ജന്റീന എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകള്‍.