എട്ട് ഓവറില്‍ വെറും ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റ്; ബുമ്ര മാജിക് തുടരും

ഇതോടെ ടെസ്റ്റില് ഏറ്റവും കുറവ് റണ്സ് വിട്ടുകൊടുത്ത് അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന ഏഷ്യന് ബൗളറെന്ന നേട്ടത്തിലെത്തി ബുമ്ര.
 | 
എട്ട് ഓവറില്‍ വെറും ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റ്; ബുമ്ര മാജിക് തുടരും

ആന്റിഗ്വ: വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ കണ്ണടച്ചു തുറക്കും മുന്‍പാണ് ഇന്നലെ പരാജിതരായി മടങ്ങിയത്. ഇന്ത്യയുടെ പേസാക്രമണത്തിന് മുന്‍പിലും യാതൊരുവിധ പ്രതിരോധവും തീര്‍ക്കാന്‍ കരീബിയന്‍പ്പടയ്ക്ക് കഴിഞ്ഞില്ല. 419 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 7 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ ബുമ്രയുടെ മാജിക് ബോള്‍. ബ്രത്‌വെയ്റ്റ് ഋഷഭ് പന്തിന്റെ കൈകളില്‍ സുരക്ഷിതമായ ക്യാച്ച് സമ്മാനിച്ച് മടങ്ങി.

പിന്നീട് നടന്നത് കരീബിയന്‍ വധമായിരുന്നു. മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ജോണ്‍ ക്യാംപെല്ലിന്റെ കുറ്റി ബുമ്ര പിഴുതു. ബ്രൂക്‌സിനെ ഇഷാന്ത് ശര്‍മ്മ എല്‍.ബിയില്‍ കുടുക്കി. പിന്നാലെ ഹെറ്റമെയറിനെയും ഇഷാന്ത് വീഴ്ത്തി. ഡാരന്‍ ബ്രാവോ, ഷായ് ഹോപ്, വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ എന്നിവരെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ബുമ്ര ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം സമ്മാനിച്ചു. വിദേശ മണ്ണില്‍ റണ്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ റണ്‍ മാര്‍ജിന്‍ വിജയമാണ് ഇന്നലെത്തേത്. എട്ട് ഓവറില്‍ വെറും ഏഴ് റണ്‍സിനാണ് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ നാലെണ്ണം ബൗള്‍ഡ്.

ഇതോടെ ടെസ്റ്റില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന ഏഷ്യന്‍ ബൗളറെന്ന നേട്ടത്തിലെത്തി ബുമ്ര. 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ വെങ്കടാപതി രാജുവിന്റെ പ്രകടനമാണ് ബുമ്ര മറികടന്നത്. ബുമ്രയുടെ യോര്‍ക്കറുകളെ പ്രതിരോധിക്കാന്‍ വിന്‍ഡീസ് നിര പൂര്‍ണമായും പരാജയപ്പെട്ടു. പുതിയ ബാറ്റിംഗ് കോച്ചിനെ തെരഞ്ഞെടുത്തതിന് ശേഷവും കരീബിയന്‍ നിര പിന്നോട്ട് പോകുന്നുവെന്ന് സൂചന നല്‍കുന്നതാണ് ഇന്ത്യക്കെതിരായ പരാജയം.