ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി തര്‍ക്കം; ബ്ലാസ്റ്റേഴ്‌സ് എഫ്.സി കേരളം വിടുന്നു?

എറണാകുളം ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് അഡ്വ. പി.വി ശ്രീനിജനാണ് ബ്ലാസ്റ്റേഴ്സിനെതിരായി കരുക്കള് നീക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം.
 | 
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി തര്‍ക്കം; ബ്ലാസ്റ്റേഴ്‌സ് എഫ്.സി കേരളം വിടുന്നു?

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് കേരളം വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ക്ലബിനെ സംസ്ഥാനം വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണെങ്കിലും പരിശീലനത്തിനായി ഉപയോഗിക്കുന്നത് പനമ്പള്ളി നഗറിലെ സ്ഥിതി ചെയ്യുന്ന ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടാണ്. അണ്ടര്‍-18 ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് വേണ്ടി ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയ മൈതാനമാണ് പനമ്പള്ളി നഗറിലേത്. ഇതിന്റ പരിപാലനം വേള്‍ഡ് കപ്പിന് ശേഷം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറുകയായിരുന്നു.

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരളാ ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ പ്രകാരം ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ ക്ലബിന് പനമ്പള്ളിയിലെ മൈതാനം പരിശീലനത്തിനായി ഉപയോഗിക്കാം. എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ക്ലബിന് മൈതാനം അനുവദിക്കേണ്ടതില്ലെന്ന് എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനമെടുത്തതായി അഭ്യൂഹങ്ങള്‍ പരക്കുകയാണ്. മൈതാനം വിട്ടുനല്‍കുന്നതിന് ബ്ലാസ്റ്റേഴ്‌സിനോട് വന്‍തുക കൗണ്‍സില്‍ ആവശ്യപ്പെട്ടെന്നാണ് സൂചനകള്‍.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ സ്‌പോര്‍ട് കൗണ്‍സിലിന്റെ തീരുമാനം നിര്‍ണായകമാണ്. എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.വി ശ്രീനിജനാണ് ബ്ലാസ്റ്റേഴ്‌സിനെതിരായി കരുക്കള്‍ നീക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. നേരത്തെ അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ അന്വേഷണം നേരിട്ടയാളാണ് പി.വി ശ്രീനിജന്‍.

ശ്രീനിജന്‍ ക്ലബിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഐ.എസ്.എല്ലില്‍ കേരളത്തിന്റെ പ്രതിനിധിയായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ക്ലബുകളുടെ നിരയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍നിരയിലാണ്. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിന് നിരവധി പദ്ധതികളും ബ്ലാസ്റ്റേഴ്‌സ് നടപ്പിലാക്കി വരുന്നു.

ക്ലബിനെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ക്ലബുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തുവെന്ന് എറണാകുളം സ്‌പോര്‍ട് കൗണ്‍സില്‍ സെക്രട്ടറി ന്യൂസ് മൊമന്റ്‌സിനോട് പ്രതികരിച്ചു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ക്ലബ് സംസ്ഥാനം വിടുമെന്ന് കരുതുന്നില്ല, പ്രശ്‌ന പരിഹാരത്തിനായി നടന്ന ചര്‍ച്ച വിജയമായിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ ശ്രീനിജനുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും സെക്രട്ടറി ഒഴിഞ്ഞുമാറി.