മോഹൻലാൽ പണം തിരിച്ച് നൽകുന്നതിന്റെ മൂന്ന് കാരണങ്ങൾ

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ കരോക്കെ ഗാനമേള സംഘടിപ്പിക്കാമെന്ന് തെളിയിച്ച മലയാളി മനസിനെ നമിച്ചേ പറ്റു. കേട്ടുകേൾവിയില്ലാത്ത വിധം അതിനെ വിവാദമാക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. ഒടുവിൽ ലാലിസം എന്ന മ്യൂസിക് ബാൻഡ് തങ്ങൾക്ക് പ്രതിഫലമായി ലഭിച്ച തുക തിരിച്ച് നൽകുമെന്ന് സർക്കാരിന് കത്ത് നൽകിക്കഴിഞ്ഞു. ദേശീയ ഗെയിംസ് എന്ന അസംബന്ധ നാടകത്തിന്റെ അരങ്ങൊരുങ്ങിയത് മുതൽ തുടരുന്ന ആകസ്മീകതകൾക്ക് ഇനിയും അന്ത്യമായിട്ടില്ല. ഗെയിംസ് കഴിഞ്ഞാലും അത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. നാടകം ആ വിധമാണ് പുരോഗമിക്കുന്നത്.
 | 

ആർ.ധർമ്മൻ
മോഹൻലാൽ പണം തിരിച്ച് നൽകുന്നതിന്റെ മൂന്ന് കാരണങ്ങൾ
കൊച്ചി: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ കരോക്കെ ഗാനമേള സംഘടിപ്പിക്കാമെന്ന് തെളിയിച്ച മലയാളി മനസിനെ നമിച്ചേ പറ്റു. കേട്ടുകേൾവിയില്ലാത്ത വിധം അതിനെ വിവാദമാക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. ഒടുവിൽ ലാലിസം എന്ന മ്യൂസിക് ബാൻഡ് തങ്ങൾക്ക് പ്രതിഫലമായി ലഭിച്ച തുക തിരിച്ച് നൽകുമെന്ന് സർക്കാരിന് കത്ത് നൽകിക്കഴിഞ്ഞു. ദേശീയ ഗെയിംസ് എന്ന അസംബന്ധ നാടകത്തിന്റെ അരങ്ങൊരുങ്ങിയത് മുതൽ തുടരുന്ന ആകസ്മീകതകൾക്ക് ഇനിയും അന്ത്യമായിട്ടില്ല. ഗെയിംസ് കഴിഞ്ഞാലും അത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. നാടകം ആ വിധമാണ് പുരോഗമിക്കുന്നത്.

പ്രതിഫലത്തുക തിരിച്ച് നൽകുമെന്ന ഞെട്ടിക്കൽ പ്രതികരണം നടത്തിയ മോഹൻലാലും ഏറെക്കുറെ കുടുങ്ങിയ മട്ടാണ്. ‘ചന്ദനം ചാരിയാൽ ചന്ദനം മണക്കും’ എന്നാണല്ലോ കേട്ടുകേൾവി. ചാണകം ചവിട്ടിയാൽ അതിന്റെ നാറ്റമാകും പിന്നീടുണ്ടാവുക. മോഹൻലാലിന്റെ പ്രതികരണം ഉയർത്തുന്ന ചില ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്. പണം തിരിച്ച് നൽകാൻ സർക്കാർ എന്നത് ഒരു ഉത്സവക്കമ്മറ്റിയല്ല. സർക്കാരിൽ നിന്നും കൈപ്പറ്റിയ തുക -അത് സേവനത്തിന്റെ പ്രതിഫലമാകട്ടെ, മറ്റേതെങ്കിലും ആനുകൂല്യമാകട്ടെ- തിരിച്ചടക്കുക എന്നത് അസാധ്യമാണ്.

പണം നൽകാൻ ഒരു അക്കൗണ്ട്, സ്വീകരിക്കാൻ മറ്റൊരു അക്കൗണ്ട്, എന്ന നിലയിലാണ് സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്. അതായത് മോഹൻലാൽ പറഞ്ഞത് പോലെ, തന്ന അതേ അക്കൗണ്ടിൽ പണം നിക്ഷേപിക്കുക എന്നത് സാധ്യമല്ല. മറ്റെന്താണ് മാർഗ്ഗം?  ദേശീയ ഗെയിംസിന് സംഭാവനയായി മറ്റൊരു അക്കൗണ്ടിൽ സർക്കാരിന് പണം സ്വീകരിക്കാം. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റോ വകയിരുത്താം. രണ്ടായാലും തന്ന പണം തന്നതായി തന്നെ അവശേഷിക്കും. സർക്കാരിന് സംഭാവന നൽകിയാൽ ഇൻകം ടാക്‌സ് നിയമം 80 സി അനുസരിച്ചുള്ള നികുതി ഇളവ് ലഭിക്കും. അതിലും മോഹൻലാലിന്റെ ലക്ഷ്യങ്ങളൊന്നും നടപ്പാകാൻ പോകുന്നില്ലെന്നർത്ഥം. പണം തിരിച്ച് നൽകുക എന്നതിലൂടെ മോഹൻലാൽ ലക്ഷ്യമിടുന്നത് മൂന്ന് കാര്യങ്ങളാകാനാണ് സാധ്യത

1. വിജിലൻസ് അന്വേഷണത്തിൽ നിന്ന് രക്ഷപെടുക

സിബിഐ മുതൽ ഏത് ഏജൻസിയേയും വരുതിയിൽ നിർത്തുന്ന മാജിക് സിനിമയിൽ സാധ്യമാണെങ്കിലും യഥാർഥ ജീവിതത്തിൽ എളുപ്പമല്ലെന്ന് മോഹൻലാലിന്റെ ഉപദേശകർക്ക് നന്നായി അറിയാം. അല്ലെങ്കിൽ ഇത്ര സമർഥമായി ഈ സീൻ എഴുതപ്പെടില്ലായിരുന്നു. ലാലിസം മോശമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്ന രാഷ്ട്രീയക്കാരിൽ ഭരണപക്ഷ എം.എൽ.എമാരും ഉണ്ടായിരുന്നു. കെ. മുരളീധരനും, പി.സി. ജോർജ്ജും തുടങ്ങി പന്തളം സുധാകരൻ വരെ ലാലിസത്തിനെതിരേ വന്നു. ഇടത് എം.എൽ.എ ആയ വി.ശിവൻകുട്ടി ഒരു പടികൂടി കടന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകുക കൂടി ചെയ്തു.

ഏത് തരം അന്വേഷണം വേണം, അന്വേഷണം വേണോ എന്നതൊക്കെ സർക്കാരിന്റെ വിവേചനാധികാരത്തിൽ പെട്ട കാര്യങ്ങളാണ്. പക്ഷെ, ഈ സംഭവത്തിൽ ഒരു കോടതി ഉത്തരവിലൂടെ വിജിലൻസ് അന്വേഷണം വന്നാൽ മോഹൻലാലും ലാലിസം ബാന്റും വിഷമിക്കും. ഇന്നലെ മന്ത്രിക്കയച്ച അഴകൊഴമ്പൻ കണക്കൊന്നും വിജിലൻസുകാർക്ക് മതിയാകാതെ വരും. ആർക്ക് എത്ര രൂപ നൽകി എന്നതിന് നികുതിയടച്ച രസീതോടെയുള്ള കണക്ക് ബോധ്യപ്പെടുത്തേണ്ടിവരും. ലാലിസം ബാൻഡിന്റെ പ്രൊമോ വീഡിയോ ഷൂട്ട് ചെയ്തതിന്റെ ചെലവായ 19 ലക്ഷം, ദേശീയ ഗെയിംസ് ഉദ്ഘാടനവുമായി എങ്ങനെ ബന്ധപ്പെട്ടു എന്ന് ചോദിക്കപ്പെട്ടേക്കാം. എഡിറ്റിംഗ് ജോലികൾ നിർവ്വഹിച്ച സ്റ്റുഡിയിലേക്ക് ലക്ഷങ്ങൾ നൽകിയതായി കണക്കിൽ പറയുന്നുണ്ട്. അത് വിസ്മയ സ്റ്റുഡിയോ ആണോ എന്നും ചോദ്യങ്ങൾ വന്നേക്കാം.

ഗായകർക്കും സാങ്കേതിക പ്രവർത്തർക്കും നൽകിയ പ്രതിഫലത്തിന്റെ ടി.ഡി.എസ് കട്ട് ചെയ്ത രസീത് ഹാജരാക്കുമ്പോൾ ഹരിഹരനും അൽക്കയും മുതൽ അവിടെ വയലിൻ വായിക്കാനെത്തിയവരും തബല വായിച്ചവരും വരെ കുഴപ്പത്തിലാകും. അവർക്കെല്ലാം ഇതുവരെ ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകൾ രണ്ടോ മൂന്നോ മൗസ് ക്ലിക്കുകളിൽ ഇൻകംടാക്‌സ് വകുപ്പിന് ലഭ്യമാകും. അതിൽ നിന്നും വലിയ തോതിൽമാറ്റം വന്നാൽ ഇത് ക്രമക്കേടുമാകും.

ലാസ്റ്റ് പർച്ചേസ് പ്രൈസ് എന്നതാണ് വില നിർണയത്തിന്റെ ലോകമെമ്പാടുമുള്ള പരിഗണന. സേവനമായാലും ഉത്പന്നമായാലും ഇത് പരിഗണിക്കപ്പെടും. ഹരിഹരൻ ഇതിന് മുമ്പ് വാങ്ങിയിട്ടുള്ള പ്രതിഫലം അഞ്ച് ലക്ഷമാണെങ്കിൽ അതിനടുത്തുള്ള തുക എഴുതാനേ അദ്ദേഹം സമ്മതിക്കുകയുള്ളു. അങ്ങനെ വന്നാൽ കണക്ക് പാളും. കൂടുതൽ എഴുതിയാലാകട്ടെ മുൻകാല പ്രാബല്യത്തോടെ പിഴ നികുതി ഒടുക്കേണ്ടതായും വരും.

അപ്പോൾ വിജിലൻസോ സിബിഐയോ സംഭവം അന്വേഷിക്കാതെയിരിക്കേണ്ടത് മോഹൻലാലിന്റെ മാത്രമല്ല, അതിൽ പങ്കെടുത്ത മുഴുവൻ പ്രൊഫഷണലുകളുടെയും ആവശ്യമാണ്. പണം തിരികെ നൽകിയല്ലോ, പിന്നെന്തിന് അന്വേഷണം എന്ന ചോദ്യത്തിലൂടെ ശിവൻകുട്ടിമാരെ ആയുധ രഹിതരാക്കാം എന്ന വിദഗ്‌ദോപദേശം മോഹൻലാലിന് കിട്ടിയിട്ടുണ്ടാകും. പക്ഷെ ഒരാൾ കോടതിയിൽ പോയാൽ പണം അടച്ച അകൗണ്ടും സ്വീകരിച്ച് അക്കൗണ്ടും രണ്ടാവുക വഴി ഇത് നടക്കണമെന്നില്ല. എങ്കിലും  രക്ഷപ്പെടാം. കിട്ടിയ പണം മുഴുവൻ സർക്കാരിന് / ദേശീയ ഗെയിംസിന് സംഭാവനയായി നൽകിയെന്ന് കോടതിയിൽ സമർത്ഥിക്കാം.

തിരുവനന്തപുരത്താണ് നടക്കുന്നതെങ്കിലും ദേശീയ ഗെയിംസ് ഒരു ഭാരതസർക്കാർ പരിപാടിയാണ്. കേന്ദ്ര ഫണ്ടോടെ നടക്കുന്ന കായിക വിനോദം കയ്യിട്ടുവാരലായി എന്ന് മോഡി അറിഞ്ഞാൽ കളി കാര്യമാകും. കോമൺവെൽത്ത് ഗെയിംസിന്റെ കാര്യത്തിലെന്നപോലെ നാഷണൽ ഗെയിംസിന്റെ നേരറിയാൻ സിബിഐയെ തിരുവന്തപുരത്തേക്ക് വിട്ടെന്നും വരാം. (രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ലെഫ്റ്റനന്റ് കേണൽ പദവിയും കരസേനയുടെ ബ്രാൻഡ് അംബാസിഡർ പദവിയും സ്വന്തമാക്കിയ മോഹൻലാലിനോട് സുരേഷ് ഗോപിയോടുള്ളത്ര സ്‌നേഹം നരേന്ദ്ര മോഡിക്കുണ്ടാവില്ലല്ലോ) കേരള വിജിലൻസിനേയും ഇടത് വലതു കക്ഷികളേയും നടന വിസ്മയത്താൽ തഞ്ചത്തിൽ നിർത്തുന്നതപോലെ സിബിഐ ഗോസായിമാരെ നിലയ്ക്ക് നിർത്താൻ ലാലിസത്തിനായേക്കില്ല.

 

മോഹൻലാൽ പണം തിരിച്ച് നൽകുന്നതിന്റെ മൂന്ന് കാരണങ്ങൾ

 

2. മോഹൻലാൽ എന്ന ബ്രാൻഡിനെ രക്ഷിക്കുക

മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. കോടിക്കണക്കിന് ആരാധകരുടെ സ്‌നേഹത്തിനും പ്രീതിക്കും പാത്രമാണദ്ദേഹം. അദ്ദേഹം തന്നെ സൂചിപ്പിച്ചതുപോലെ, താൻ ഒരു ക്രമക്കേട് നടത്തി സർക്കാർ ഖജനാവിൽ നിന്ന് പണം നേടാൻ ശ്രമിച്ചു എന്നു വരുന്നത് ആ ബ്രാൻഡിന് ഇടിവുണ്ടാകും. അത് തിരിച്ചു പിടിക്കുക എന്നത് പണം നൽകുന്നതിലൂടെ സാധിക്കും. ഇത്തരമൊരു ഉപദേശമാകണം മോഹൻലാലിന് ലഭിച്ചിട്ടുണ്ടാവുക.

അത് യാഥാർത്ഥ്യമാണെന്ന് ഒരു ദിവസം കൊണ്ട് തന്നെ തെളിഞ്ഞു. അദ്ദേഹത്തെ ന്യായീകരിച്ചുള്ള പോസ്റ്റുകൾ ഇപ്പോൾ ധാരാളമായി സോഷ്യൽ മാധ്യമങ്ങളിൽ കാണാം. മോഹൻലാലിന് കേരള സമൂഹം നൽകിയ ആദരവ്, പണം തിരിച്ച് നൽകും എന്ന വാഗ്ദാനത്തിലൂടെ തന്നെ തിരിച്ച് വന്നുകഴിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിലുള്ള ഔന്നത്യം തന്നെയാണ് മോഹൻലാൽ ഇതിലൂടെ കാത്തുസൂക്ഷിച്ചത്.

ഇതിനിടയിൽ അദ്ദേഹം ഒരു കാര്യം ഓർക്കുന്നത് നന്നാകും. സിനിമയിലല്ലാതെ അദ്ദേഹം ചെയ്ത എല്ലാ ഇടപാടുകളും നഷ്ടത്തിലാണ് കലാശിച്ചത്. ടേസ്റ്റ് ബഡ്‌സ് എന്ന മസാലക്കമ്പനി, സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനം, എറണാകുളത്തെ ട്രാവൻകൂർ കോർട്ട് എന്ന ഹോട്ടൽ, വിസ്മയ എന്ന സ്റ്റുഡിയോ ശൃംഖല എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗും അനാവശ്യ വിവാദങ്ങളിലേക്കും നാണക്കേടിലേക്കും ലാലിനെ നയിച്ചിട്ടുണ്ട്. ഈ യാഥാർഥ്യം മനസ്സിലാക്കിയാകാം വിസ്മയാ സ്റ്റുഡിയോ ഇപ്പോൾ ഏരീസ്  ഗ്രൂപ്പിന് കൈമാറിയത്. ടേസ്റ്റ് ബഡ്‌സ് ആകട്ടെ കറിപ്പൊടി വിൽപ്പന രംഗത്തെ പ്രമുഖരായ ഈസ്റ്റേണിന് കൈമാറുകയായിരുന്നു. ലാലിസവും അടക്കുമെന്ന് കേൾക്കുന്നു. രതീഷ് വേഗ അത് നിഷേധിച്ചെങ്കിലും മോഹൻലാൽ നൽകിയ കത്തിൽ ലാലിസം പൂട്ടുന്നില്ലെന്ന് പറയാത്തത് അർത്ഥഗർഭമായ മൗനമല്ലാതെ മറ്റെന്താണ്.

മോഹൻലാൽ പണം തിരിച്ച് നൽകുന്നതിന്റെ മൂന്ന് കാരണങ്ങൾ
3. സർക്കാരിനെ ലാലും ലാലിന്റെ സർക്കാരും രക്ഷപ്പെടുത്തിയ നാടകം

അടിമുടി അഴിമതിയാരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ദേശീയ ഗെയിംസ് നല്ല രീതിയിലല്ല നടക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ഗെയിംസിനായി കൊണ്ട് വന്ന ഉപകരങ്ങൾ മുംബൈയിലേയും ഡൽഹിയിലേയും വിമാനത്താവളങ്ങളുടേയും തുറമുഖങ്ങളുടേയും കാർഗോ വിഭാഗങ്ങളിൽ കെട്ടിക്കിടക്കുകയാണ്. സായിയിൽ നിന്നും കടമെടുത്ത പഴഞ്ചൻ ഉപകരണങ്ങൾ കൊണ്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഒഫീഷ്യലുകൾക്കായി കൊണ്ടു വന്ന 500 ലാപ്പ്‌ടോപ്പുകൾ കാണാനില്ലെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു.

ഈ വിധം താറുമാറായ ഗെയിംസിൽ ആകെ കുഴപ്പമുണ്ടാക്കിയത് ലാലിസം മാത്രമാണെന്നാണ് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്. എല്ലാ കുറ്റവും ലാലിസത്തിൽ ചാരി രക്ഷപ്പെടാമെന്ന് സർക്കാർ കരുതുന്നു. അതിന് വേണ്ടി മോഹൻലാലിനെ കൊണ്ട് കുറ്റം ഏറ്റുപറയിച്ചതാണോ എന്ന് വ്യക്തമല്ല. അധികാരം പിടിച്ച് നിർത്താൻ കളിച്ച കളികളുടെ പേരിലാകും ഈ സർക്കാർ ചരിത്രത്തിൽ ഓർമ്മിക്കപ്പെടുകയെന്ന് ആർക്കാണറിയാത്തത്. ആ കളികളിൽ ഒടുവിലത്തേത് മോഹൻലാലിനെ വച്ചാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

തിരിച്ചുമുണ്ട് ഉപകാരം. തന്റെ ഇമേജ് സംരക്ഷിക്കാൻ പണം തിരികെ നൽകുമ്പോൾ അത് വാങ്ങി സഹകരിക്കണമെന്ന് മോഹൻലാലും ആഗ്രഹിച്ചിരിക്കും. അതായത് ഒരു ഉഭയകക്ഷി രക്ഷപെടുത്തൽ നാടകം.

സബ് പ്ലോട്ട്

ഇന്നേക്ക് ആറുകൊല്ലം  മുമ്പാണ് 35ാം ദേശീയ ഗെയിംസിന് തിരുവനന്തപുരം വേദിയാക്കാൻ തീരുമാനമായത്. ഡൽഹിയിൽ ആ ആലോചനകൾ നടക്കുന്ന അതേ കാലത്ത് എറണാകുളത്തെ കുമ്പളം ഗ്രാമത്തിൽ ഒരു ദളിത് യുവാവ് വീടുപണിയാനായി പട്ടികജാതി ക്ഷേമവകുപ്പിന്റെ ഭവന നിർമാണ പദ്ധതിയിൽ നിന്ന് ഒരു ലക്ഷം രൂപ ആനുകൂല്യം കൈപ്പറ്റി. പിറ്റേ വർഷം ജോലി സംബന്ധമായ കാരണങ്ങളാൽ വീട് വിൽക്കേണ്ട അവസ്ഥയിൽ അയാളെത്തി. എന്നാൽ സർക്കാർ ധനസഹായത്തോടെ നിർമിച്ച വീടിന്മേൽ പതിനഞ്ച് വർഷത്തേക്ക് ക്രമവിക്രയങ്ങൾ സാധിക്കില്ല. സർക്കാരിൽ നിന്ന് വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കാമെന്നായി യുവാവ്. ഇതിനുവേണ്ടി കഴിഞ്ഞ അഞ്ചുവർഷമായി വില്ലേജ് ഓഫീസർമാർ മുതൽ വകുപ്പ് സെക്രട്ടറിമാരുടെ വരെ ഓഫീസ് വരാന്തകളിലാണ് യുവാവിന്റെ ജീവിതം. ഒരിയ്ക്കൽ സർക്കാർ നൽകിയ പണം തിരച്ചു സ്വീകരിക്കാൻ വകുപ്പും ചട്ടവുമില്ലെന്നാണ് ഇയാൾക്ക് കിട്ടുന്ന നിരന്തര മറുപടി. മോഹൻലാൽ തിരിച്ച് നൽകുന്ന പണം സർക്കാർ ഉടനടി സ്വീകരിച്ചേക്കും. മോഹൻലാലിന് വേണ്ടി ഉണ്ടാക്കുന്ന പുതിയ വകുപ്പും ചട്ടവും നിസ്സഹായനായ ഈ ദളിത് യുവാവിനും ഉപകാരപ്പെടട്ടെ എന്ന് ആശിക്കാം. ഭൂമിയിൽ സന്മസ്സ് ഉള്ളവർക്ക് സമാധാനം.