ആവേശം അതിരുകടന്നു; നവ്ദീപ് സെയ്‌നിക്ക് ഐ.സി.സിയുടെ പിഴ

നാലോവറില് 17 റണ്സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സെയ്നിയാണ് കളിയിലെ താരമായത്.
 | 
ആവേശം അതിരുകടന്നു; നവ്ദീപ് സെയ്‌നിക്ക് ഐ.സി.സിയുടെ പിഴ

ഫ്‌ളോറിഡ: വിന്‍ഡീസിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയ ഇന്ത്യന്‍ യുവതാരം നവ്ദീപ് സെയ്‌നിക്ക് ഐസിസിയുടെ പിഴ. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂറനെ പുറത്താക്കിയ ശേഷം അദ്ദേഹത്തെ കളിയാക്കുന്ന തരത്തില്‍ ആക്ഷന്‍ കാണിച്ചതാണ് സെയ്‌നിക്ക് വിനയായിരിക്കുന്നത്. കുറ്റം സമ്മതിച്ച സെയ്‌നിക്ക് ഐ.സി.സി ഒരു ഡീ മെറിറ്റ് പോയിന്റ് പിഴ ചുമത്തി. അരേങ്ങേറ്റ മത്സരത്തില്‍ തന്നെ വന്‍ ആരാധക പ്രീതി പിടിച്ചുപറ്റിയ താരമാണ് സെയ്‌നി.

അതേസമയം മൈതാനത്ത് ഇത്തരം ആവേശങ്ങള്‍ അതിരുകടക്കുന്നത് താരത്തിന് ഗുണം ചെയ്യില്ലെന്നും ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലായിരുന്നു സംഭവം. അഞ്ചാമത്തെ ഓവര്‍ എറിയാനെത്തിയ സെയ്‌നിയെ നിക്കോളാസ് പൂറന്‍ സിക്‌സര്‍ പറത്തി. എന്നാല്‍ മികച്ച രീതിയില്‍ തിരിച്ചിടിച്ച യുവതാരം അടുത്ത പന്തില്‍ നിക്കോളാസിനെ പുറത്താക്കി. വിക്കറ്റെടുത്ത ആവേശത്തിലായിരുന്നു സെയ്‌നിയുടെ ആഗ്യം പക്ഷേ ഇത്തിരി അതിരുകടന്നുവെന്ന് മാത്രം.

മത്സരത്തില്‍ മഴനിയമപ്രകാരം ഇന്ത്യ വിജയിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സെയ്‌നിയാണ് കളിയിലെ താരമായത്.