നെയ്മറിന് വേണ്ടി വലവിരിച്ച് വമ്പന്‍ ടീമുകള്‍; പൊന്നുംവില നല്‍കാമെന്ന് റയല്‍ മാഡ്രിഡ്

യാതൊരുവിധ ഔദ്യോഗിക ചര്ച്ചകളും നടന്നിട്ടില്ലെന്നാണ് നെയ്മറിന്റെ നിലവിലുള്ള ടീമായ പി.എസ്.ജിയുടെ വിശദീകരണം.
 | 
നെയ്മറിന് വേണ്ടി വലവിരിച്ച് വമ്പന്‍ ടീമുകള്‍; പൊന്നുംവില നല്‍കാമെന്ന് റയല്‍ മാഡ്രിഡ്

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് വേണ്ടി വലവിരിച്ച് ക്ലബ് ലോകത്തെ വമ്പന്‍ ടീമുകള്‍. റയല്‍ മാഡ്രിഡും യുവന്റസുമാണ് നെയ്മറിനെ ലക്ഷ്യം വെച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടീമുകള്‍. യുവന്റസുമായി നെയ്മറിന്റെ പിതാവ് ചര്‍ച്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യാതൊരുവിധ ഔദ്യോഗിക ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് നെയ്മറിന്റെ നിലവിലുള്ള ടീമായ പി.എസ്.ജിയുടെ വിശദീകരണം.

ട്രാന്‍സഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് മുന്‍പ് നെയ്മറിനെ തിരികെ കൊണ്ടുവരാന്‍ ബാഴ്‌സലോണയും ശ്രമിക്കുന്നതായിട്ടാണ് വിവരം. ബ്രസീലിന്റെ തന്നെ കുട്ടിഞ്ഞ്യേയെ പി.എസ്.ജിക്ക് നല്‍കി നെയ്മറിനെ തിരികെയെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. അതേസമയം കുട്ടിഞ്ഞ്യേയെ മാത്രം നല്‍കിയാല്‍ പോര പണവും നല്‍കണമെന്ന് പി.എസ്.ജി ആവശ്യപ്പെട്ടതായിട്ടാണ് സൂചന. റയലും നെയ്മറിനായി സജീവമായി രംഗത്തുണ്ട്. 90 ദശലക്ഷം യൂറോയും മുന്നേറ്റനിരക്കാരന്‍ ഗരത് ബെയ്ലിനെയും നല്‍കി നെയ്മറിനെ ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം.

കോച്ചുമായി അകല്‍ച്ചയില്‍ കഴിയുന്ന ബെയിലിനെ ടീമില്‍ നിലനിര്‍ത്തുന്നത് ഗുണകരമല്ലെന്നാണ് റയല്‍ മാനേജ്‌മെന്റിന്റെ നിലപാടും. ബെയ്ല്‍ നാളെ തന്നെ ക്ലബ്ബ് വിടുകയാണെങ്കില്‍ അത്രയും നല്ലതെന്നാണ് കോച്ച് സിദാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. യുവന്റസിലേക്ക് ചേക്കേറിയ സൂപ്പര്‍താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊയ്ക്ക് പകരക്കാരനായി നെയ്മറിനെയാണ് റയല്‍ കാണുന്നത്. എന്നാല്‍ റയലുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പി.എസ്.ജി അധികൃതര്‍ പറയുന്നത്.