പന്ത് ചുരണ്ടി; വെസ്റ്റിന്‍ഡീസ് താരം പൂരാനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു

പന്തില് കൃത്രിമത്വം കാട്ടിയതിന് വെസ്റ്റിന്ഡീസ് താരം നിക്കോളാസ് പൂരാന് സസ്പെന്ഷന്
 | 
പന്ത് ചുരണ്ടി; വെസ്റ്റിന്‍ഡീസ് താരം പൂരാനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമത്വം കാട്ടിയതിന് വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരാന് സസ്‌പെന്‍ഷന്‍. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പന്ത് പെരുവിരലിന്റെ നഖം ഉപയോഗിച്ച് ചുരണ്ടിയതാണ് നടപടിക്ക് കാരണം. പന്ത് ചുരണ്ടുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഐസിസി നടപടിയെടുത്തിരിക്കുന്നത്. പന്തിന്റെ സ്വാഭാവിക അവസ്ഥയില്‍ ബോധപൂര്‍വം വ്യതിയാനം വരുത്തിയതിനാണ് ഇരുപത്തിനാലുകാരനായ പുരാനെ സസ്‌പെന്‍ഡ് ചെയ്തത്.

നാല് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയിരിക്കുന്നത്. ഇതോടെ, വെസ്റ്റിന്‍ഡീസിന്റെ അടുത്ത നാല് ട്വന്റി20 മത്സരങ്ങളില്‍ പുരാന് കളിക്കാനാവില്ല. അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് മത്സരങ്ങളും ഇന്ത്യയുമായുള്ള ആദ്യ മത്സരവും താരത്തിന് നഷ്ടമാകും. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.1.4 ലംഘനമാണ് പൂരാന്‍ നടത്തിയിരിക്കുന്നത്. നവംബര്‍ 11ന് ലക്‌നൗവില്‍ വെച്ച് നടന്ന മത്സരത്തിനിടെയാണ് പൂരാന്‍ പന്ത് ചുരണ്ടിയത്. പുരാന്റെ പേരില്‍ അഞ്ച് ഡീമെറിറ്റ് പോയിന്റും ഐസിസി ചുമത്തിയിട്ടുണ്ട്.

2016ല്‍ പാക്കിസ്ഥാനെതിരായ ട്വന്റി20 മത്സരത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച പുരാന്‍ വിന്‍ഡീസ് ടീമിലെ ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 16 ഏകദിനങ്ങളില്‍നിന്ന് 44.58 റണ്‍സ് ശരാശരിയില്‍ 535 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.