പന്തിന് പകരക്കാരനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍; സഞ്ജുവിന്റെ ഭാഗ്യം തെളിയുമെന്ന് ആരാധകര്‍

ടി20 ഫോര്മാറ്റില് മികച്ച കളി പുറത്തെടുക്കുന്ന സഞ്ജു സാംസണും ഇഷാന് കിഷനും പരിഗണനയില് ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
 | 
പന്തിന് പകരക്കാരനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍; സഞ്ജുവിന്റെ ഭാഗ്യം തെളിയുമെന്ന് ആരാധകര്‍

മുംബൈ: ട്വന്റി 20 ലോകകപ്പിന് ഇനി അധിക നാളില്ല. വിശ്രമം അനുവദിക്കപ്പെട്ട മഹേന്ദ്ര സിംഗ് ധോണി തിരികെയെത്തിയാലും രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സെലക്ടര്‍മാര്‍ ആരംഭിച്ചതായിട്ടാണ് സൂചന. പന്തിന് പകരാക്കരനെ തേടുന്നതായി മുഖ്യസെലക്ടര്‍ എം.എസ്.കെ പ്രസാദ് കഴിഞ്ഞ ദിവസം സൂചനയും നല്‍കിയിരുന്നു.

ടി20 ഫോര്‍മാറ്റില്‍ മികച്ച കളി പുറത്തെടുക്കുന്ന സഞ്ജു സാംസണും ഇഷാന്‍ കിഷനും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്ക-എയ്‌ക്കെതിരെ സഞ്ജുവിന്റെ പ്രകടനം അദ്ദേഹം എടുത്തു പറയുകയും ചെയ്തു. അവസാന 9 ഇന്നിംഗ്‌സില്‍ ഒരു ഫിഫ്റ്റി മാത്രമാണ് പന്ത് അടിച്ചെടുത്തത്. ഇത് സെലക്ടര്‍മാര്‍ക്ക് തലവേദനയാവുകയാണെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യസെലക്ടറുടെ പ്രസ്താവന. മറുവശത്ത് സഞ്ജു മിന്നും ഫോമിലാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സടിച്ച് ഇന്ത്യയുടെ വിജയ ശില്‍പിയായ സഞ്ജുവിനെ ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും അടക്കമുള്ള താരങ്ങള്‍ പ്രശംസിച്ചിരുന്നു. നിരീക്ഷക പ്രശംസയും മുതിര്‍ന്ന താരങ്ങളുടെ പിന്തുണയും ഉണ്ടെങ്കിലും സമയവും ഭാഗ്യവും നിര്‍ണായകമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ധോനി, ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട് സഞ്ജുവിന് മറികടക്കാന്‍.