അഫ്ഗാന്‍ ക്രിക്കറ്റിലെ ഇതിഹാസമാകുന്ന റാഷിദ് ഖാന്‍; ബംഗ്ലാ കടുവകളുടെ ‘മുട്ടുവിറക്കും’

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്ഡ് റാഷിദിന്റെ പേരിലാണ്.
 | 
അഫ്ഗാന്‍ ക്രിക്കറ്റിലെ ഇതിഹാസമാകുന്ന റാഷിദ് ഖാന്‍; ബംഗ്ലാ കടുവകളുടെ ‘മുട്ടുവിറക്കും’

ചിറ്റഗോങ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രം തിരുത്താനൊരുങ്ങുകയാണ് റാഷിദ് ഖാന്‍ എന്ന ഇരുപതുകാരന്‍. ഇന്ത്യയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം ഇതിഹാസ താരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ റാഷിദ് ഖാനെന്ന താരം ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ്. അഫ്ഗാനിസ്ഥാന്റെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വളര്‍ന്ന് ലോക ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിക്കുകയെന്നാല്‍ ചെറിയ കാര്യമല്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് അഫ്ഗാനെ നയിച്ചതും റാഷിദ് ഖാനാണ്. ഇതോടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റാഷിദിന്റെ പേരിലായി.

ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാക്കടവുകളുടെ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ച റാഷിദ് 51, 24 എന്നിങ്ങനെ റണ്‍സും നേടി. ഇതോടെ മറ്റൊരു റെക്കോര്‍ഡും താരം കീശയിലാക്കി. അര്‍ധ സെഞ്ചുറിയും അഞ്ചു വിക്കറ്റുമെന്ന നേട്ടത്തിലെത്തുന്ന 17-ാമത്തെ നായകനായി. ബംഗ്ലാദേശിന് മത്സരത്തില്‍ വിജയിക്കാന്‍ 398 റണ്‍സ് വേണം. ചിറ്റഗോങിലെ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ വിജയിക്കാന്‍ അഫ്ഗാനിസ്ഥാന് സാധ്യതകളേറെയാണ്. മത്സരം വിജയിക്കുക കൂടി ചെയ്താല്‍ റാഷിദ് ഇതിഹാസങ്ങളുടെ പട്ടികയിലായിരിക്കും ഇടംപിടിക്കുക.

വെറും മൂന്ന് ടെസ്റ്റുകളാണ് റാഷിദ് ഇതുവരെ കളിച്ചത്. ഇതില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ആകെ പതിനാല് വിക്കറ്റുകള്‍. ക്രിക്കറ്റിലെ മറ്റൊരു ഏഷ്യന്‍ ശക്തിയായി മാറാന്‍ അഫ്ഗാനിസ്ഥാന് അധികം നാളുകള്‍ വേണ്ടി വരില്ലെന്ന് സൂചനയാണ് ടീമിന്റെ ഓവറോള്‍ പ്രകടനവും സൂചിപ്പിക്കുന്നത്. ഇന്ത്യയെ വിറപ്പിച്ച ലോകകപ്പ് മത്സരവും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും വീഴ്ത്തിയ പോരാട്ട വീര്യവും അഫ്ഗാന്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്ന് പറയാം.