ഉമേഷ് യാദവിനെ രക്ഷിച്ച് പാര്‍ത്ഥിവ് പട്ടേലിന്റെ സൂപ്പര്‍ ത്രോ! ബാധയൊഴിയാതെ ആര്‍.സി.ബി

അവസാന ഓവറില് ചെന്നൈക്ക് ജയിക്കാന് വേണ്ടത് 26 റണ്സായിരുന്നു. അത്യാവശ്യം നല്ല വേഗത്തിലും ഗുഡ് ലെംഗ്തിലും പന്തെറിയാന് മികവ് കാട്ടുന്ന ഉമേഷ് യാദവിനെ കോലി പന്തേല്പ്പിച്ചു.
 | 
ഉമേഷ് യാദവിനെ രക്ഷിച്ച് പാര്‍ത്ഥിവ് പട്ടേലിന്റെ സൂപ്പര്‍ ത്രോ! ബാധയൊഴിയാതെ ആര്‍.സി.ബി

ചെന്നൈ: ഇത്തവണത്തെ ഐ.പി.എല്‍ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള പോരാട്ടം അവസാന പന്തുവരെ നീണ്ടുനിന്നുവെന്ന് വേണം പറയാന്‍. മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായത് അവസാനത്തെ പന്തില്‍ ആര്‍.സി.ബി വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ ശര്‍ദ്ദുല്‍ താക്കൂറിനെ റണ്‍ഔട്ടാക്കിയ മികവായിരുന്നു. ഈ റണ്‍ഔട്ട് ആര്‍.സി.ബിക്ക് വിജയം സമ്മാനിച്ചുവെന്ന് മാത്രമല്ല ഉമേഷ് യാദവിനെ രക്ഷിക്കുക കൂടി ചെയ്തുവെന്ന് വേണം പറയാന്‍!

അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് 26 റണ്‍സായിരുന്നു. അത്യാവശ്യം നല്ല വേഗത്തിലും ഗുഡ് ലെംഗ്തിലും പന്തെറിയാന്‍ മികവ് കാട്ടുന്ന ഉമേഷ് യാദവിനെ കോലി പന്തേല്‍പ്പിച്ചു. ധോനിയാണ് സ്‌ട്രൈക്ക് ചെയ്യുന്നതെങ്കിലും അത്ര വലിയ ടോട്ടല്‍ അടിച്ചെടുക്കാന്‍ ഉമേഷിന്റെ ഓവറില്‍ കഴിയില്ലെന്ന് കോലി ഉറപ്പിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ നേരെ മറിച്ചായിരുന്നു. ഉമേഷിന്റെ ആദ്യ പന്ത് തന്നെ ധോണി അതിര്‍ത്തി കടത്തി. രണ്ടാം പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍. മൂന്നാമത്തെ പന്ത് യോര്‍ക്കര്‍ ശ്രമിച്ചെങ്കിലും പാളി, ബാറ്റിലേക്ക് നേരിട്ടെത്തിയ പന്ത് ധോനി കോരിയെടുത്ത് ഗ്യാലറിയിലിട്ടു. നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും സിക്സര്‍. ഉമേഷിന്റെ കരിയറിലെ തന്നെ മങ്ങിയ പ്രകടനത്തിലേക്ക് കാര്യങ്ങളെത്തി.

തോല്‍വി മുന്നില്‍ കണ്ട കോലിക്കും കൂട്ടര്‍ക്കും പക്ഷേ അവസാന പന്ത് രക്ഷയായി. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടത്. ഉമേഷ് ഓഫ്‌സൈഡിലേക്ക് എറിഞ്ഞ സ്ലോ ബോള്‍ ധോനിയെ ബീറ്റ് ചെയ്ത് പാര്‍ത്ഥിവിന്റെ കൈകളിലെത്തി. സിംഗിളിനോടി മത്സരം ടൈ ആക്കാന്‍ ധോനി ശ്രമിച്ചെങ്കിലും പാര്‍ത്ഥിവിന്റെ ത്രോ പിഴച്ചില്ല. മികച്ച പ്രകടനം കാഴ്ച്ചവെച്ചാലും ആധികാരികമായി ഒരു ജയം പോലും നേടാനാകാതെ വിഷമിക്കുകയാണ് കോലിയുടെ ടീം. ഡിവില്ലിയേഴ്‌സും കോലിയുമൊക്കെ ഫോമിലേക്ക് ഉയര്‍ന്നാലും മികച്ച വിജയമെന്നത് ഇപ്പോഴും അന്യമായി നില്‍ക്കുന്നു.