‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’; റാഷിദ് ഖാനോട് ധോനിയുടെ മധുര പ്രതികാരം

അവസാന ഓവറുകളില് ധോനിയുടെ ഹെലികോപ്റ്റര് ഷോട്ടുകള് പ്രതീക്ഷിച്ച ആരാധകര്ക്ക് കനത്ത ആഘാതമായിരുന്നു പുറത്താകല്
 | 
‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’; റാഷിദ് ഖാനോട് ധോനിയുടെ മധുര പ്രതികാരം

ലണ്ടന്‍: ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം. അവസാനം നിമിഷം വരെ പൊരുതിയ അഫ്ഗാനിസ്ഥാന് പക്ഷേ വിജയത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രം. ഐ.പി.എല്‍ മുതല്‍ ലോകത്തിലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളുടെയൊക്കെ ഭാഗമാണ് ഇന്ന് അഫ്ഗാന്‍ താരങ്ങള്‍. ആ പരിചയ സമ്പത്ത് തന്നെയാണ് ഇന്നലെ ഇന്ത്യയെ വിറപ്പിച്ചതും. അവസാന ഓവര്‍ വരെ പതറിയെങ്കിലും അര്‍ഹിച്ച വിജയം സ്വന്തമാക്കാന്‍ കോലിക്കും കൂട്ടര്‍ക്കും സാധിക്കുകയും ചെയ്തു.

മത്സരത്തിനിടെ മറ്റൊരു രസകരമായ സംഭവം കൂടി നടന്നു. മഹേന്ദ്ര സിംഗ് ധോനി റാഷിദ് ഖാന്റെ പന്തില്‍ സ്റ്റംമ്പ് ചെയ്ത് പുറത്താക്കപ്പെട്ടു. സാധാരണയായി അവസാന ഓവറുകളില്‍ ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ പ്രതീക്ഷിച്ച ആരാധകര്‍ക്ക് കനത്ത ആഘാതമായിരുന്നു പുറത്താകല്‍. റാഷിദ് ഖാനെ സിക്‌സറടിക്കാനായി ക്രീസില്‍ നിന്ന് മുന്നോട്ട് കേറി അടിച്ച ധോനി പന്ത് മിസ് ചെയ്തു. പിന്നില്‍ അഫ്ഗാന്‍ വിക്കറ്റ് കീപ്പറുടെ മിന്നല്‍ സ്റ്റംമ്പിംഗ്. ഐ.പി.എല്ലിനെ അനുസ്മരിപ്പിച്ച് റാഷിദിന്റെ ആഹ്ലാദ പ്രകടനം.

കളി അവിടെ തീര്‍ന്നില്ല. ആദ്യ ഓവറുകളില്‍ ഷമിയും ബുമ്രയും അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാരെ വലച്ചുവെന്ന് വേണം പറയാന്‍. റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ബാറ്റ്‌സ്മാന്‍മാര്‍ ടെസ്റ്റ് ക്രിക്കറ്റ് സമാനമായിട്ടായിരുന്നു ബാറ്റിംഗ്. റണ്‍റേറ്റ് 8നോട് അടുത്ത് നില്‍ക്കുന്ന സമയത്താണ് റാഷിദ് ഖാന്‍ ക്രീസിലെത്തുന്നത്. 46ാമത്തെ ഓവര്‍ എറിയാനെത്തിയ ചഹലിന്റെ മൂന്നാമത്തെ ബോള്‍ അതിമനോഹരമായി ബൗണ്ടറി പായിച്ച് റാഷിദ് അഫ്ഗാന്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.

എന്നാല്‍ നാലാമത്തെ പന്ത് ചെറുതായൊന്ന് റാഷിദിനെ കബളിപ്പിച്ച് പിന്നിലേക്ക് പോയി. ക്രീസിന് കുറച്ച് പുറത്തായിരുന്നു റാഷിദെന്ന് മനസിലാക്കിയ ധോനിയുടെ മിന്നല്‍ സ്റ്റംമ്പിംഗ്. സെക്കന്‍ഡുകളുടെ വേഗത്തിലായിരുന്നു ധോനിയുടെ നീക്കം. തന്നെ പുറത്താക്കിയ റാഷിദിനെ അതേനാണയത്തില്‍ ധോനിയുടെ തിരിച്ചടി.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക