തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ഋഷഭില്‍ വിശ്വാസം അര്‍പ്പിച്ച് കോലി; ഇനി ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥ

എന്നാല് രണ്ട് മത്സരങ്ങളിലും ഋഷഭ് പരാജയപ്പെട്ടെങ്കിലും നായകന് കോലി താരത്തെ പുറത്തിരുത്തിയില്ല. അവസാനം മത്സരത്തിലും കളത്തിലിറക്കി.
 | 
തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ഋഷഭില്‍ വിശ്വാസം അര്‍പ്പിച്ച് കോലി; ഇനി ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥ

ഗയാന: വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമായിരുന്നു യുവതാരം ഋഷഭ് പന്ത് കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സുനില്‍ നരേയന് വിക്കറ്റ് സമ്മാനിച്ചു കൂടാരം കയറി. രണ്ടാം മത്സരത്തിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ട് മത്സരങ്ങളിലും ഋഷഭ് പരാജയപ്പെട്ടെങ്കിലും നായകന്‍ കോലി താരത്തെ പുറത്തിരുത്തിയില്ല. അവസാനം മത്സരത്തിലും കളത്തിലിറക്കി.

കോലിയുടെ വിശ്വാസം കാക്കുന്ന പ്രകടനമായിരുന്നു ഇത്തവണ ഋഷഭിന്റേതെന്ന് പറയാം. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കരുതലോടെയാണ് യുവതാരം തുടങ്ങിയത്. കൂറ്റനടികള്‍ക്ക് മുതിരാതെ ക്രീസില്‍ ഉറച്ചുനിന്നു. നിലയുറപ്പിച്ചതിന് ശേഷം വിന്‍ഡീസ് ബൗളര്‍മാരുടെ മോശം പന്തുകള്‍ ബൗണ്ടറികളിലേക്ക് പായിച്ചു. ഒരുവശത്ത് കരുതലോടെ കളിക്കുന്ന വിരാട് കോലിക്ക് ശക്തമായ പിന്തുണ നല്‍കി. 2017ല്‍ ബംഗലൂരുവില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മഹേന്ദ്ര സിംഗ് ധോണി നേടിയ 56 റണ്‍സായിരുന്നു ഇതിന് മുമ്പ് ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഇന്നലെ ചരിത്രം മാറി.

42 പന്തില്‍ 65 റണ്‍സ് അടിച്ചുകൂട്ടി ധോണിയുടെ റെക്കോര്‍ഡ് ഋഷഭ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. വിരാട് കോലിയുമൊത്ത് 106 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഋഷഭ് പന്ത് തന്നെയായിരുന്നു ഇന്നലെത്തെ വിജയശില്‍പ്പി. അവസാന മത്സരവും വിജയിച്ച ഇന്ത്യ 3-0ത്തിന് പരമ്പര തൂത്തുവാരി.