ഇനിയും ഋഷഭ് പന്തിനെ ടീമിലിടം നല്‍കണോ? മിന്നും പ്രകടനം നടത്തിയിട്ടും രക്ഷയില്ലാതെ സഞ്ജു സാംസണ്‍

ടി20 ലോകകപ്പ് ടീമിലിടം നേടണമെങ്കില് ഉത്തരവാദിത്തം മറക്കരുതെന്ന് പുതിയ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും വ്യക്തമാക്കിയിരുന്നു.
 | 
ഇനിയും ഋഷഭ് പന്തിനെ ടീമിലിടം നല്‍കണോ? മിന്നും പ്രകടനം നടത്തിയിട്ടും രക്ഷയില്ലാതെ സഞ്ജു സാംസണ്‍

മുംബൈ: മഹേന്ദ്ര സിംഗ് ധോനിയുടെ പിന്‍ഗാമിയാണ് ഋഷഭ് പന്തെന്നാണ് ക്രിക്കറ്റ് നീരീക്ഷകര്‍ ലോകകപ്പിന് മുന്‍പ് വിലയിരുത്തിയിരുന്നത്. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിന് ശേഷം കാര്യങ്ങള്‍ മാറുകയാണ്. അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന പന്തിനെതിരെ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്ത് വന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ 5 റണ്‍സിന് പുറത്താവുക കൂടി ചെയ്തതോടെ പന്ത് ടീമിന് പുറത്തേക്ക് പോകുമെന്ന സൂചനയുണ്ട്.

ടി20 ലോകകപ്പ് ടീമിലിടം നേടണമെങ്കില്‍ ഉത്തരവാദിത്തം മറക്കരുതെന്ന് പുതിയ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും വ്യക്തമാക്കിയിരുന്നു. ലോകകപ്പ് ടീമിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പര്‍ മലയാളിയായ സഞ്ജു സാംസണ്‍ ആണ്. മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു പുറത്തെടുത്തത്. മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സടിച്ച് ഇന്ത്യയുടെ വിജയ ശില്‍പിയായ സഞ്ജുവിനെ ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും അടക്കമുള്ള താരങ്ങള്‍ പ്രശംസിച്ചിരുന്നു.

നിരീക്ഷക പ്രശംസയും മുതിര്‍ന്ന താരങ്ങള്‍ പിന്തുണയും നല്‍കുന്നുണ്ടെങ്കിലും ഭാഗ്യം എന്നത് ഇന്ത്യന്‍ ടീമിലെത്താനുള്ള നിര്‍ണായക ഘടകമാണ്. ധോനി, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട് സഞ്ജുവിന് മുന്നില്‍. ഇതില്‍ കാര്‍ത്തിക്കും ധോനിയും സീനിയര്‍ താരങ്ങളായതിനാല്‍ മുന്‍തൂക്കം ഇരുവര്‍ക്കും പോകും. പ്രകടനത്തിന്റെ കാര്യം താരതമ്യം ചെയ്യുമ്പോള്‍ മറ്റു രണ്ട് യുവതാരങ്ങളെക്കാളും ടി20 ഫോര്‍മാറ്റില്‍ സഞ്ജു മികച്ചു നില്‍ക്കുകയും ചെയ്യുന്നു.

പന്ത് മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇത്തവണ സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിക്കുമെന്നാണ് സൂചന. ധോണിയുടെ പിന്‍ഗാമിയായി ഞാന്‍ കാണുന്നത് പന്തിനെയല്ല. അതിന് യോജിച്ച താരം സഞ്ജു സാംസണാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ടീമിലിടം നേടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നാണ് സഞ്ജുവും പ്രതികരിച്ചത്.