ഭുവ്‌നേശ്വര്‍ ഇല്ലെങ്കിലും ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ മുനയൊടിയില്ല; സച്ചിന്റെ ഉറപ്പ്

എന്നാല് നിരീക്ഷകരുടെ അഭിപ്രായത്തിന് നേരെ വിപരീതമാണ് ഇന്ത്യന് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുടെ വാക്കുകള്.
 | 
ഭുവ്‌നേശ്വര്‍ ഇല്ലെങ്കിലും ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ മുനയൊടിയില്ല; സച്ചിന്റെ ഉറപ്പ്

ലണ്ടന്‍: പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേസ് ബൗളര്‍ ഭുവ്‌നേശ്വര്‍ കുമാറിന് പരിക്കേറ്റത് ഇന്ത്യന്‍ ടീമില്‍ ആശങ്ക പടര്‍ത്തിയിരുന്നു. പാകിസ്ഥാനെതിരെ രണ്ട് ഓവര്‍ മാത്രമാണ് ഭുവി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ പുറത്താകല്‍ മത്സരത്തില്‍ പ്രതിഫലിച്ചില്ലെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ ഭുവിയുടെ അസാന്നിധ്യം തിരിച്ചടിയാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ നിരീക്ഷകരുടെ അഭിപ്രായത്തിന് നേരെ വിപരീതമാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകള്‍.

ഭുവ്‌നേശ്വര്‍ കുമാറിന് പകരം ടീമിലെത്താന്‍ പോകുന്ന മുഹമ്മദ് ഷമി സമാന പ്രകടനം തന്നെ കാഴ്ച്ചവെക്കുമെന്നാണ് സച്ചിന്റെ വിലയിരുത്തല്‍. ടെസ്റ്റ് ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഷമിയുടെ ലണ്ടന്‍ ടിക്കറ്റ് ഉറപ്പിച്ചത്. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ഭുവിക്ക് പരിക്കേറ്റതോടെ പേസ് ബൗളിംഗിലെ ഏക റിസര്‍വായ ഷമി ടീമിലെത്തുമെന്ന് ഉറപ്പായി. ഷമി റാങ്കിംഗില്‍ ഭുവ്‌നേശ്വറിനെക്കാളും ഏറെ പിന്നിലാണെങ്കിലും കളിമികവില്‍ സമാനത പുലര്‍ത്തുന്ന വ്യക്തിയെന്നാണ് സച്ചിന്റെ നിരീക്ഷണം സൂചിപ്പിക്കുന്നത്.

പരിക്ക് കാരണം നമുക്ക് ധവാനെ നഷ്ടമായത് നിര്‍ഭാഗ്യമായിപ്പോയി. എന്നാല്‍ കെ.എല്‍ രാഹുല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ടീമിനെ കൈപിടിച്ചുയര്‍ത്തി. ഭുവിക്ക് പകരക്കാരനാകുന്ന ഷമിയും സമാന പ്രകടനം കാഴ്ച്ചവെക്കും. എല്ലാവരും ചിന്തിക്കുന്നതിനേക്കാള്‍ മൂര്‍ച്ചയുണ്ട് ഷമിയുടെ പന്തുകള്‍ക്ക്. ബൗള്‍ ചെയ്യാന്‍ അദ്ദേഹമെടുക്കുന്ന റണ്ണപ്പ് പോലും മനോഹരമാണ്. അടുത്ത മത്സരം ഷമി കളിക്കുകയാണെങ്കില്‍ അദ്ദേഹം എതിര്‍ടീമില്‍ അപകടം വിതയ്ക്കുമെന്ന് ഉറപ്പാണ്. സച്ചിന്‍ പറഞ്ഞു.