ന്യൂസിലാന്‍ഡ് പര്യടനത്തിന് സഞ്ജു സാംസണും; ധവാന് പകരക്കാരനാവും

ഋഷഭ് പന്തിന്റെ ഫോമില്ലായ്മ സഞ്ജുവിന് കൂടുതല് അവസരങ്ങള് നല്കുമെന്നാണ് സൂചന.
 | 
ന്യൂസിലാന്‍ഡ് പര്യടനത്തിന് സഞ്ജു സാംസണും; ധവാന് പകരക്കാരനാവും

മുംബൈ: ഓസീസിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ശിഖര്‍ ധവാന് പകരം മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ബംഗ്ലാദേശിനും വിന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ ടി-20 പരമ്പരയിലും സഞ്ജു ടീമില്‍ സ്ഥാനം നേടിയിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചത്. ഋഷഭ് പന്തിന്റെ ഫോമില്ലായ്മ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നാണ് സൂചന.

നിലവില്‍ പന്തിന് പകരം വിക്കറ്റിന് പിന്നില്‍ കെ.എല്‍ രാഹുലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പിംഗ് പദവിയില്ലാത്ത രാഹുലിനെ സ്റ്റമ്പിന് പിന്നില്‍ സ്ഥിരമാക്കില്ലെന്നാണ് സൂചന. ഋഷഭ് പന്തോ സഞ്ജു സാംസണോ തന്നെയാവും ന്യൂസീലാന്‍ഡില്‍ കീപ്പിംഗ് ഗ്ലൗസണിയുക. ഏകദിന പരമ്പരയ്ക്ക് ധവാന് പകരമായി പൃഥ്വി ഷായെ ടീമിലെടുത്തിട്ടുണ്ട്.

ഓസീസിനെതിരായ അവസാന ഏകദിന മത്സരത്തിലാണ് ശിഖര്‍ ധവാന് പരിക്കേല്‍ക്കുന്നത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഓഫ്സൈഡിലേക്ക് ഡ്രൈവ് ചെയ്ത പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ധവാന് പരിക്കേല്‍ക്കുന്നത്. പരിശോധനയില്‍ തോളെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചതായി വ്യക്തമാവുകയും ചെയ്തു. ഫെബ്രുവരി ആദ്യവാരം മുതല്‍ മാത്രമെ ധവാന് വീണ്ടും പരിശീലനം തുടങ്ങാനാവു.