ബാറ്റ്‌സ്മാന്‍ മാത്രം പോരാ നിയമത്തിലെ ഇളവുകള്‍; സ്വിച്ച് ഹിറ്റിനെതിരെ ഷെയ്ന്‍ വോണും

വലംകൈയ്യന് ബാറ്റ്സ്മാന് പൊടുന്നനെ ബൗളറുടെ തന്ത്രങ്ങളെ പാടെ അട്ടിമറിച്ച് ഇടംകൈയ്യനായി മാറും. നേരെ തിരിച്ചും ഇത് സാധ്യമാണ്. ഇത്തരം ശൈലി ബൗളറോട് ചെയ്യുന്ന അനീതിയാണ്.
 | 
ബാറ്റ്‌സ്മാന്‍ മാത്രം പോരാ നിയമത്തിലെ ഇളവുകള്‍; സ്വിച്ച് ഹിറ്റിനെതിരെ ഷെയ്ന്‍ വോണും

ദുബായ്: സ്വിച്ച് ഹിറ്റിനെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം ഷെയ്ന്‍ വോണും. ബൗളറുടെ ഏകാഗ്രതയെ താളംതെറ്റിക്കുന്നതാണ് സ്വിച്ച് ഹിറ്റ്. ക്രിക്കറ്റ് നിയമങ്ങളോട് വെല്ലുവിളിയാണ് ഈ ശൈലി, അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു മുന്‍ ഓസീസ് സ്പിന്നറുടെ പ്രതികരണം. നേരത്തെ മറ്റൊരു ഓസീസ് ഇതിഹാസമായ ഇയാന്‍ ചാപ്പലും സ്വിച്ച് ഹിറ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് വോണിന്റെ പ്രതികരണം.

ഫീല്‍ഡിംഗ് ടീമിന്റെ കണക്കുകളെ കാറ്റില്‍ പറത്തുന്നതാണ് സ്വിച്ച് ഹിറ്റ് ശൈലി. വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ പൊടുന്നനെ ബൗളറുടെ തന്ത്രങ്ങളെ പാടെ അട്ടിമറിച്ച് ഇടംകൈയ്യനായി മാറും. നേരെ തിരിച്ചും ഇത് സാധ്യമാണ്. ഇത്തരം ശൈലി ബൗളറോട് ചെയ്യുന്ന അനീതിയാണ്. ചാപ്പല്‍ ചൂണ്ടിക്കാണിക്കുന്നു.

ക്രിക്കറ്റ് നിയമങ്ങളോടുള്ള വെല്ലുവിളിയായി മാത്രമെ സ്വിച്ച് ഹിറ്റിനെ കാണാന്‍ കഴിയൂ. സ്വിച്ച് ഹിറ്റിലൂടെ ബാറ്റ്‌സ്മാന്‍ ലഭിക്കുന്ന ആനുകൂല്യം ബൗളര്‍ക്കും ലഭ്യമാക്കണം. ബാറ്റ്‌സ്മാന്‍ മാത്രം അനുകൂലമായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ശരിയല്ല. റണ്ണപ്പിന് ശേഷം ബൗളര്‍ക്കും ഏത് വശത്തു നിന്നും പന്തെറിയാന്‍ അനുമതി നല്‍കണം. അത്തരത്തിലൊരു ആനുകൂല്യവും ബൗളര്‍ക്ക് നല്‍കാത്തിടത്തോളം ഇതൊരു അനീതിയാണ്. സ്വിച്ച് ഹിറ്റ് പോലുള്ള നിയമങ്ങള്‍ തിരുത്താന്‍ ഐസിസി തയ്യാറാവണം. ഷെയ്ന്‍ വോണ്‍ പറഞ്ഞു.