ഇന്ത്യയെ മാത്രമല്ല ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചത് അമ്പയര്‍മാരുടെ ചതി; വിവാദം കത്തുന്നു

ഫൈനലില് ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്ഡിന്റെ വിധി തിരുത്തിയത് അവസാന ഓവറില് വഴങ്ങിയ ഓവര് ത്രോ റണ് ആയിരുന്നു.
 | 
ഇന്ത്യയെ മാത്രമല്ല ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചത് അമ്പയര്‍മാരുടെ ചതി; വിവാദം കത്തുന്നു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ അമ്പയറിംഗ് പിഴവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിനിടെയുണ്ടായ അമ്പയര്‍മാരുടെ പിഴവാണ് ധോനിയുടെ പുറത്താകലിലേക്ക് നയിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പിന്നാലെയാണ് ന്യൂസിലാന്‍ഡിനെയും സമാന പിഴവ് ചതിച്ചിരിക്കുന്നത്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡിന്റെ വിധി തിരുത്തിയത് അവസാന ഓവറില്‍ വഴങ്ങിയ ഓവര്‍ ത്രോ റണ്‍ ആയിരുന്നു. ആറ് റണ്ണാണ് ഓവര്‍ത്രോയായി അമ്പയര്‍ അനുവദിച്ചത്.

എന്നാല്‍ ആറ് റണ്‍ അനുവദിച്ചത് നിയമവിധേയമായിട്ടല്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വിവാദം. എത്ര റണ്‍സ് ഓടിയെടുത്തോ അതിനോടൊപ്പമാണ് ഓവര്‍ ത്രോ റണ്‍സ് നല്‍കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സ് മാത്രമാണ് നല്‍കാനാവുക. അതായത് രണ്ടാമത്തെ റണ്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ലഭിച്ച നാല് റണ്‍ ഓവര്‍ത്രോയും ഉള്‍പ്പെടെ 5 റണ്‍സ്. എന്നാല്‍ നിയമവിരുദ്ധമായി അമ്പയര്‍ ആറ് റണ്‍സ് നല്‍കി. മത്സരത്തിലെ ആ ഒരു റണ്‍ നിര്‍ണായകമാവുകയും ചെയ്തു.

പിഴവ് സംഭവിച്ചതായി മുന്‍ മുന്‍ ഐസിസി അമ്പയര്‍ സൈമണ്‍ ടോഫലും അഭിപ്രായപ്പെട്ടിരുന്നു. ന്യൂസിലാന്‍ഡിന്റെ ഫീല്‍ഡര്‍ ഗപ്റ്റില്‍ ത്രോ എറിയുമ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ രണ്ടാം റണ്ണിനുള്ള ഓട്ടം പൂര്‍ത്തിയാക്കിയിട്ടില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ രണ്ടാം റണ്‍ അവിടെ നല്‍കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇന്ത്യക്കെതിരായ മത്സരത്തില്‍ അനുവദനീയമായതിലും കൂടുതല്‍ ന്യൂസിലാന്‍ഡ് ഫീല്‍ഡര്‍മാര്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്തുണ്ടായിട്ടും അമ്പയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നത് കളിയുടെ വിധി മാറ്റി മറിച്ചിരുന്നു. സമാന പിഴവാണിതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.