യു.കെയില്‍ വേനല്‍ മഴ തുടരുന്നു; ലോകകപ്പ് ‘വെള്ളത്തിലായേക്കും’

താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടുകള് വെള്ളത്തിനടിയില് കിടക്കുന്നതിന്റെ ചിത്രങ്ങള് നേരത്തെ 'ദി ഗാര്ഡിയന്' പുറത്തുവിട്ടിരുന്നു.
 | 
യു.കെയില്‍ വേനല്‍ മഴ തുടരുന്നു; ലോകകപ്പ് ‘വെള്ളത്തിലായേക്കും’

ലണ്ടന്‍: യു.കെയില്‍ വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് മത്സരങ്ങള്‍ ‘വെള്ളത്തിലാവുമെന്ന’് റിപ്പോര്‍ട്ട്. ഇത്തവണ വേനല്‍ സമയത്ത് അസാധാരണമായ വിധമാണ് യു.കെയിലെ വിവിധ പ്രദേശങ്ങളില്‍ ലഭിച്ച മഴയുടെ അളവ്. ചിലയിടങ്ങളില്‍ മഴ വെള്ളപ്പൊക്കത്തിന് വരെ കാരണമായിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടുകള്‍ വെള്ളത്തിനടിയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ ‘ദി ഗാര്‍ഡിയന്‍’ പുറത്തുവിട്ടിരുന്നു. ഇതോടെ ലോകകപ്പിലെ വരും മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴ വൈദ്യുത ബന്ധം തടസപ്പെടുത്തിയിരുന്നു. മണിക്കൂറുകളോളം ചില പ്രദേശങ്ങള്‍ ഇരുട്ടില്‍ കഴിയേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെന്റിന് സമീപ പ്രദേശമായ ലെന്‍ഹാമില്‍ ഒരു മണിക്കൂറില്‍ 42 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കെന്റ്, മാഞ്ചസ്റ്റര്‍, ലണ്ടനിലെ ചില പ്രദേശങ്ങള്‍, ആഷ്‌ഫോര്‍ഡ്, തുടങ്ങിയ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കാമെന്നും ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് എസെക്‌സില്‍ കഴിഞ്ഞ ദിവസം പെയ്ത ഇടിയോടു കൂടിയ മഴ കനത്ത നാശം വിതച്ചിരുന്നു. മഴയുടെയും ഇടിമിന്നലിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.