കോലിയും ഹിറ്റ്മാനും തമ്മിലുള്ള പോര് പരസ്യമാകുന്നു; സോഷ്യല്‍ മീഡിയ ബന്ധം അവസാനിച്ചു

ബി.സി.സി.ഐ നടത്തിയ ഔദ്യോഗിക പ്രതികരണത്തില് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള് മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു വിലയിരുത്തിയത്.
 | 
കോലിയും ഹിറ്റ്മാനും തമ്മിലുള്ള പോര് പരസ്യമാകുന്നു; സോഷ്യല്‍ മീഡിയ ബന്ധം അവസാനിച്ചു

മുംബൈ: ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകനും ഉപനായകനും തമ്മില്‍ ഉടലെടുത്ത പോര് മുറുകുന്നു. വിരാട് കോലിയെ ഇന്‍സ്റ്റാഗ്രാമില്‍ രോഹിത് ശര്‍മ്മ അണ്‍ഫോളോ ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ന്യൂസിലാന്‍ഡിനോട് ഏറ്റുവാങ്ങിയ തോല്‍വിക്ക് കാരണം വിരാട് കോലിയുടെ തീരുമാനങ്ങളാണെന്ന് രോഹിത് പരസ്യ വിമര്‍ശനം ഉന്നയിച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബി.സി.സി.ഐ നടത്തിയ ഔദ്യോഗിക പ്രതികരണത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു വിലയിരുത്തിയത്.

ലോകകപ്പിന് പിന്നാലെ ഏകദിന, ടി-20 നായക സ്ഥാനം കോലിക്ക് നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സ്ഥാനത്തേക്ക് രോഹിത്തിനെ കൊണ്ടുവരുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച രോഹിത്തിന് കോലിയുടെ കീഴില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബി.സി.സി.ഐയെ അറിയിക്കുമെന്ന് വരെ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ടീമിന്റെ പുതിയ കോച്ച് സ്ഥാനമേല്‍ക്കുമ്പോഴേക്കും പ്രശ്‌നങ്ങള്‍ ഒതുക്കാനുള്ള നീക്കത്തിലാണ് ബി.സി.സി.ഐ. വിന്‍ഡീസ് പര്യടനത്തോടെ നിലവിലുള്ള പരിശീലകന്‍ രവിശാസ്ത്രി സ്ഥാനമൊഴിയും.

ലോകകപ്പില്‍ ഏറ്റവും മികച്ച ടീമുകളിലൊന്നായിട്ടും ഫൈനല്‍ കാണാന്‍ പോലും കഴിയാതെ ഇന്ത്യ പുറത്തായതിന് പിന്നില്‍ നായകന്‍ കോലിയുടെ വീഴ്ച്ചകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ലോകകപ്പില്‍ വിജയിക്കാന്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായ ഇന്ത്യ പുറത്തായതിന് പിന്നില്‍ നായകന്റെ ചില ശാഠ്യങ്ങളാണെന്നും ഡ്രസിംഗ് റൂം വാര്‍ത്തകളുണ്ട്. സിനീയര്‍ താരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്നത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാനേജ്മെന്റ് നിഗമനം.