ലോകകപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് ടോസ്, ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

മഴ ഭീഷണി മാറിയ സാഹചര്യത്തില് 50 ഓവറും എറിയാന് കഴിയുമെന്നാണ് പ്രതീക്ഷ.
 | 
ലോകകപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് ടോസ്, ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ പാകിസ്ഥാന് ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലാവും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ആദ്യമിറങ്ങുക. മഴ ഭീഷണി മാറിയ സാഹചര്യത്തില്‍ 50 ഓവറും എറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബാറ്റിംഗിന് അനുകൂലമാണ് മാഞ്ചസ്റ്ററിലെ പിച്ചെന്നാണ് സൂചന. ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലിടം നേടിയിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണ്. കഴിഞ്ഞ ദിവസം മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നത് പാകിസ്ഥാനെതിരായ പോരാട്ടത്തെ ബാധിക്കില്ലെന്നുമായിരുന്നു കോലി പ്രതികരിച്ചിരുന്നു. മഴനിയമം മൂലം മത്സരം ഫലം നിശ്ചയിക്കപ്പെടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ടീം സ്വീകരിച്ചു കഴിഞ്ഞതായി ഇന്ത്യന്‍ മാനേജ്‌മെന്റും പ്രതികരിച്ചിരുന്നു. അതേസമയം ഇന്ത്യക്കെതിരായ മത്സരത്തിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി പാക് നായകന്‍ സഫ്രറാസ് അഹമ്മദ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തിയ ലോകകപ്പ് മത്സരങ്ങള്‍

പാകിസ്ഥാന്‍ ലോകകപ്പ് കൈപ്പിടിയിലാക്കിയ 1992ലാണ് ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. അന്ന് 43 റണ്‍സിന് പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റു. മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ അര്‍ധ സെഞ്ച്വറി മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ഇന്ത്യ ആതിഥേയരായ 1996ലെ ലോകകപ്പ്, ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷിയാക്കി ഇന്ത്യ വിജയിച്ചു കയറി. വിജയം 39 റണ്‍സിന്. കുറഞ്ഞ ഓവര്‍ നിരക്കിന് പാക്കിസ്ഥാന്‍ ഓരോവര്‍ പിഴയായി നല്‍കേണ്ടി വരികയും ചെയ്തു.

1999 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ഇതിഹാസം വെങ്കിടേഷ് പ്രസാദിന് മുന്നില്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുമടക്കി. ഇന്ത്യ ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 180ല്‍ വീണു. ഇന്ത്യ ഫൈനലിലെത്തിയ 2003ല്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45-ാം ഓവറില്‍ മറികടന്നു. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായത് 98 റണ്‍സിന്. പിന്നീട് എട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.

2011ല്‍ മഹേന്ദ്ര സിംഗ് ധോനിക്ക് പിന്നില്‍ അണിനിരന്നത് ഇന്ത്യയുടെ എക്കാലത്തെയും ശക്തമായ ടീം. പാകിസ്ഥാനും മികച്ച ഫോമില്‍ കളിക്കുന്ന താരങ്ങളുമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. മൊഹാലിയിലും പക്ഷേ സച്ചിന്‍ പാക് മുന്നേറ്റത്തിന് തടയിട്ടു. 29 റണ്‍സിന് പാകിസ്ഥാനെ ഇന്ത്യ മറികടന്നു. സച്ചിനായിരുന്നു കളിയിലെ താരം. 2015 ലോകകപ്പില്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ നേടിയത് 300 റണ്‍സ്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് പക്ഷേ ഇന്ത്യന്‍ പേസ് അറ്റാക്കിന് മുന്നില്‍ അടിപതറി. ലക്ഷ്യത്തിന് 76 റണ്‍സ് പിന്നില്‍ എല്ലാവരും പുറത്തായി.