വിക്കറ്റിന് പിന്നില്‍ അതിശയിപ്പിച്ച് വൃദ്ധിമാന്‍ സാഹ, ചുംബനം നല്‍കി വിരാട് കോലി; വീഡിയോ

34കാരനായിട്ടും ഫിറ്റ്നസില് മോശമല്ലെന്ന് തെളിയിക്കുന്ന ക്യാച്ചുകളാണ് രണ്ടാം ടെസ്റ്റില് സാഹ കൈപ്പിടിയിലൊതുക്കിയവയെല്ലാം.
 | 

വിക്കറ്റിന് പിന്നില്‍ അതിശയിപ്പിച്ച് വൃദ്ധിമാന്‍ സാഹ, ചുംബനം നല്‍കി വിരാട് കോലി; വീഡിയോ
പൂനെ: കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ ഋഷഭ് പന്ത് വളര്‍ന്നു വരുമെന്നായിരുന്നു ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട അഭിപ്രായം. എന്നാല്‍ അവയെല്ലാം അവഗണിച്ച് സെലക്ടര്‍മാര്‍ വൃദ്ധിമാന്‍ സാഹയെന്ന 34 കാരനെ വിക്കറ്റ് പിന്നിലെ ദൗത്യമേല്‍പ്പിച്ചു. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റില്‍ ഇതുവരെയുമായി സാഹയെ ബാറ്റുകൊണ്ട് ഇന്ത്യക്ക് ആവശ്യം വന്നില്ല. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് മധ്യനിരയിലേക്ക് കാര്യങ്ങളെത്തിച്ചില്ലെന്ന് ചുരുക്കം.

പക്ഷേ വിക്കറ്റിന് പിന്നില്‍ സാഹ അതിശയ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 34കാരനായിട്ടും ഫിറ്റ്‌നസില്‍ മോശമല്ലെന്ന് തെളിയിക്കുന്ന ക്യാച്ചുകളാണ് രണ്ടാം ടെസ്റ്റില്‍ സാഹ കൈപ്പിടിയിലൊതുക്കിയവയെല്ലാം. ഉമേഷ് യാദവിന് രണ്ട് ഇന്നിംഗ്‌സുകളിലും അനായാസം വിക്കറ്റ് നല്‍കിയാണ് ഡി ബ്രൂയ്ന്‍ മടങ്ങിയത്. ഇരുവട്ടവും സാഹയുടെ മാജിക് ബ്രുയ്‌ന് വിനയായി എന്നു വേണം കരുതാന്‍. ആദ്യ ഇന്നിംഗ്‌സില്‍ ബ്രുയ്ന്‍ ഓഫ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിച്ച പന്ത് എഡ്ജായി ഫസ്റ്റ് സ്‌ളിപ്പിലേക്ക് കുതിച്ചു. ഒന്നാം സ്‌ളിപ്പില്‍ സ്ഥാനമുറപ്പിച്ച രോഹിത്തിന് മുന്‍പു തന്നെ സാഹ ക്യാച്ച് പറന്നെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ബ്രുയ്‌ന്റെ ബാറ്റിലുരസി ലെഗ് സ്റ്റെമ്പിന് പുറത്തേക്ക് വീണ പന്ത് ഒറ്റക്കയ്യില്‍ സാഹ പിടിച്ചെടുത്തു.

പന്തിനെക്കാള്‍ മികച്ച രീതിയില്‍ വിക്കറ്റിന് പിന്നില്‍ സാഹ തിളങ്ങുന്നുവെന്ന് കമന്റേറ്റര്‍മാരും അഭിനന്ദിച്ചു. സാഹയുടെ അദ്ഭുത ക്യാച്ചിന് അഭിനന്ദനമായി നായകന്‍ കോലി ചുംബനം നല്‍കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനിയുള്ള ടെസ്റ്റുകളില്‍ സാഹ ഇന്ത്യന്‍ തൊപ്പി അണിയുമെന്ന സൂചനയാണ് ഇതോടെ ലഭിക്കുന്നത്.