‘അല്ല എപ്പോഴാ നിങ്ങളുടെ കല്യാണം’; ലൈവ് ഇന്റര്‍വ്യൂവില്‍ യുവരാജ് കാണിച്ച ‘വില്ലത്തരം’ കാണാം

ഇരുവരുടെയും വിവാഹക്കാര്യത്തെക്കുറിച്ച് നന്നായി അറിയാവുന്ന യുവി ലൈവിനിടെ കാണിച്ച തമാശ സോഷ്യല് മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
 | 
‘അല്ല എപ്പോഴാ നിങ്ങളുടെ കല്യാണം’; ലൈവ് ഇന്റര്‍വ്യൂവില്‍ യുവരാജ് കാണിച്ച ‘വില്ലത്തരം’ കാണാം

ടൊറന്റോ: യുവ്രാജ് സിംഗ് ആരാധകര്‍ക്ക് മാത്രമല്ല സഹകളിക്കാര്‍ക്കും ഏറെ പ്രിയമുള്ള ക്രിക്കറ്ററാണ്. താരത്തിന്റെ കളിതമാശകള്‍ സോഷ്യല്‍ മീഡിയയും ഏറെ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ ദിവസം യുവി നടത്തിയ അത്തരമൊരു തമാശ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഇപ്പോള്‍ കാനഡ ഗ്ലോബല്‍ ടി-20 ലീഗിലാണ് കളിക്കുന്നത്. ടൊറന്റോ നാഷണല്‍സിന് വേണ്ടിയാണ് യുവി വീണ്ടും പാഡണിയുന്നത്. കഴിഞ്ഞ ദിവസം നടന്ന ടൊറന്റോ നാഷണല്‍സും എഡ്മൊന്റോണ്‍ റോയല്‍സുമായുള്ള മത്സരത്തിന് മുന്‍പായിരുന്നു യുവി സ്‌റ്റൈല്‍ തമാശ.

എഡ്മൊന്റോണ്‍ റോയല്‍സിന്റെ താരം ബെന്‍ കട്ടിംഗുമായി ഒരു ടി.വി ചാനല്‍ അഭിമുഖം നടത്തുന്നതിനിടയില്‍ യുവി ഓടിയെത്തി ‘സമയം പോവുകയാണ്, എപ്പോഴാണ് നിങ്ങളുടെ കല്യാണം? വിവാഹത്തിന് വേണ്ടി തയ്യാറെടുക്കൂവെന്ന്’ പറഞ്ഞ് ഓടിപ്പോയി. സംഭവം പെട്ടന്ന് ആരാധകര്‍ക്ക് മനസിലായില്ലെങ്കിലും യുവിയുടെ തമാശയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. മുന്‍ ഓസീസ് താരമായ ബെന്‍ കട്ടിംഗിന്റെ പ്രതിശ്രുധ വധുവായിരുന്നു അഭിമുഖം നടത്തിയ എറിന്‍ ഹോളണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുവരുടെയും വിവാഹക്കാര്യത്തെക്കുറിച്ച് നന്നായി അറിയാവുന്ന യുവി ലൈവിനിടെ കാണിച്ച തമാശ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. യുവിയുടെ തമാശ കേട്ട് ഇരുവരും ചിരിക്കുക മാത്രമാണ് ചെയ്തത്. ബെന്നും എറിനും വര്‍ഷങ്ങളായി പ്രണയത്തിലാണെങ്കിലും ഈയിടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.