പാക് വെബ്‌സൈറ്റ് ആക്രമിച്ചത് ഇന്ത്യൻ ബാലൻ!

പാക് വെബ്സൈറ്റ് ഹാക്ക് ചെയ്ത്് പാക്കിസ്ഥാൻ സൈബർ ലോകത്തെ ഞെട്ടിച്ചത് 16 കാരനായ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പി.പി.പി) വൈബ്സൈറ്റ് ഹാക്ക് ചെയ്താണ് പതിനാറുകാരനായ ഇന്ത്യൻ വിദ്യാർത്ഥി പാക്കിസ്ഥാന് തലവേദന സൃഷ്ടിച്ചത്.
 | 

പാക് വെബ്‌സൈറ്റ് ആക്രമിച്ചത് ഇന്ത്യൻ ബാലൻ!
ന്യൂഡൽഹി: പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ സൈബർ ലോകത്തെ ഞെട്ടിച്ചത് 16 കാരനായ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പി.പി.പി) വൈബ്‌സൈറ്റ് ഹാക്ക് ചെയ്താണ് പതിനാറുകാരനായ ഇന്ത്യൻ വിദ്യാർത്ഥി പാക്കിസ്ഥാന് തലവേദന സൃഷ്ടിച്ചത്. ബ്ലാക്ക് ഡ്രാഗൺ എന്ന പേരിലാണ് ഈ ഹാക്കർ അറിയപ്പെട്ടിരുന്നത്. ഹാക്കറുമായി ഇ-മെയിലിൽ ബന്ധപ്പെട്ട ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് വാർത്ത പുറത്ത് വിട്ടത്.

ഈ മാസം ആദ്യമായിരുന്നു സംഭവം. മോഹൻലാൽ, സോനു നിഗം, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയുടെ സൈറ്റുകൾ പാക്കിസ്ഥാനി ഹാക്കർമാർ ആദ്യം ഹാക്കു ചെയ്യുകയായിരുന്നു. ഇതിന് മറുപടിയായി, പാക്കിസ്ഥാൻ ഇലക്ട്രിസിറ്റി ബോർഡ്, ലാഹോർ യൂണിവേഴ്‌സിറ്റി തുടങ്ങി ഒരു ഡസണിലേറെ പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു. പി.പി.പി വെബ്‌സൈറ്റ് ഹാക്കു ചെയ്തത് താനാണെന്നും കാശ്മീരിനെ കുറിച്ചുള്ള പി.പി.പി നേതാവ് ബിലാവൽ ഭൂട്ടോയുടെ പ്രകോപനപരമായ പ്രസ്താവനയാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും ബ്ലാക്ക് ഡ്രാഗൺ ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. ഹാക്കിങ്ങിനു ശേഷം പി.പി.പി വെബ്‌സൈറ്റിൽ ഹാക്കർ തന്റെ ഇ-മെയിൽ അഡ്രസ് പോസ്റ്റു ചെയ്തിരുന്നു.

പാക്കിസ്ഥാനിലെ പ്രധാന സൈറ്റുകൾ മാത്രമേ ഹാക്ക് ചെയ്യുകയുള്ളൂ എന്നും ഒരിക്കലും ഇന്ത്യൻ സൈറ്റുകൾ ഹാക്ക് ചെയ്യില്ലെന്നുമാണ് ബ്ലാക്ക് ഡ്രാഗൺ പറയുന്നത്. പാക്കിസ്ഥാന് ഹാക്ക് ചെയ്യാൻ പറ്റാത്ത വിധം ഇന്ത്യൻ സൈറ്റുകൾ സുരക്ഷിതമാക്കണമെന്നും ബ്ലാക്ക് ഡ്രാഗൺ അഭ്യർത്ഥിക്കുന്നു. ഇതിനായി വേണമെങ്കിൽ തന്റെയും തന്റെ ടീമിന്റെയും സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘ഇന്ത്യൻ ഹാക്കേഴ്‌സ് ഓൺലൈൻ സ്‌ക്വാഡ്’ എന്നാണ് ഈ ഹാക്കിങ് ഗ്രൂപ്പ് അറിയപ്പെടുന്നത്. പാക് വെബ്‌സൈറ്റുകൾ ഹാക്കു ചെയ്തതിന് ഇന്ത്യയിൽ തങ്ങൾക്കെതിരെ കേസെടുക്കുമെന്ന് കരുതുന്നില്ലെന്നും ബ്ലാക്ക്ഡ്രാഗൺ പറഞ്ഞു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള കമ്പ്യൂട്ടറിൽ നിന്നാണ് ഹാക്കിങ് നടന്നിട്ടുള്ളതെങ്കിൽ സൈബർ നിയമപ്രകാരം ഹാക്കർമാർക്കെതിരെ കേസെടുക്കാനാകുമെന്ന് സൈബർ അഭിഭാഷകൻ പവൻ ഡഗൽ പറയുന്നു.