ഫേസ്ബുക്ക് മെസഞ്ചറിൽ ഇനി വീഡിയോ കോളിങും

ഫേസ്ബുക്ക് മെസഞ്ചർ ആപ്പിൽ ഇനി വീഡിയോ കോളിങ്ങ് സംവിധാനവും. പുതിയ സംവിധാനം വഴി വൈഫൈ, വയർലസ് നെറ്റ്വർക്കിലൂടെ കൂട്ടുകാരുമായി കണ്ട് സംസാരിക്കാനാകും.
 | 
ഫേസ്ബുക്ക് മെസഞ്ചറിൽ ഇനി വീഡിയോ കോളിങും

 

ന്യൂഡൽഹി: ഫേസ്ബുക്ക് മെസഞ്ചർ ആപ്പിൽ ഇനി വീഡിയോ കോളിങ്ങ് സംവിധാനവും. പുതിയ സംവിധാനം വഴി വൈഫൈ, വയർലസ് നെറ്റ്‌വർക്കിലൂടെ കൂട്ടുകാരുമായി കണ്ട് സംസാരിക്കാനാകും. ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഈ സൗകര്യം ലഭ്യമാകും. ഫേസ്ബുക്ക് ഒരു ബ്‌ളോഗ് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം ഈ വിവരം അറിയിച്ചത്.

ആപ്പിൾ ഫേസ് ടൈം, ഗൂഗിൾ ഹാങ് ഔട്ട്, സ്‌കൈപ്പ് എന്നിവയാണ് വീഡിയോ കോൺഫറൻസിങ് സൗകര്യമുളള മറ്റ് ആപ്ലിക്കേഷനുകൾ. യു.എസ്, യു.കെ, ഫ്രാൻസ് തുടങ്ങി 18 രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. കുറച്ച് മാസങ്ങൾക്ക് ശേഷം മറ്റ് രാജ്യങ്ങളിൽ കൂടി ഈ സംവിധാനം ലഭ്യമാകുമെന്ന് ഫേസ്ബുക്ക് മെസഞ്ചർ തലവൻ സ്റ്റാൻ ചഡ്‌നോവ്‌സ്‌കി അറിയിച്ചു. 60 കോടിയിലധികം ആളുകൾ നിലവിൽ ഫേസ്ബുക്ക് മെസഞ്ചർ ഉപയോഗിക്കുന്നുണ്ട്. സുഹൃത്തുക്കൾക്ക് പണം കൈമാറാൻ സഹായിക്കുന്ന ഫീച്ചറും ഫേസ്ബുക്ക് ഈയിടെ അവതരിപ്പിച്ചിരുന്നു.