ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് ബ്രൗസിംഗിന്റെ വേഗത വർധിപ്പിക്കാൻ ഗൂഗിൾ മുന്നിട്ടിറങ്ങുന്നു

മൊബൈലിൽ ഇന്റർനെറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളാണോ നിങ്ങൾ? അതിന്റെ വേഗതക്കുറവ് മൂലം ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറെ ശപിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനിതാ നമ്മുടെ പ്രിയപ്പെട്ട ഗൂഗിൾ അരയും തലയും മുറുക്കി രംഗത്തിറങ്ങാനൊരുങ്ങുന്നു.
 | 
ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് ബ്രൗസിംഗിന്റെ വേഗത വർധിപ്പിക്കാൻ ഗൂഗിൾ മുന്നിട്ടിറങ്ങുന്നു

മൊബൈലിൽ ഇന്റർനെറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളാണോ നിങ്ങൾ? അതിന്റെ വേഗതക്കുറവ് മൂലം ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറെ ശപിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനിതാ നമ്മുടെ പ്രിയപ്പെട്ട ഗൂഗിൾ അരയും തലയും മുറുക്കി രംഗത്തിറങ്ങാനൊരുങ്ങുന്നു.

തങ്ങളുടെ സെർച്ച് റിസൽട്ട്‌സ് പേജിൽ ഒരു പുതിയ സ്ട്രീംലൈൻഡ് വേർഷൻ ഉപയോഗിച്ചു കൊണ്ടാണ് ഗൂഗിൾ, മൊബൈൽ ഇന്റർനെറ്റിന്റെ വേഗത വർധിപ്പിക്കാൻ കോപ്പു കൂട്ടുന്നത്. ഇതനുസരിച്ച് ഒരു മൊബൈൽ യൂസർ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനിലൂടെ ഒരു കാര്യം സെർച്ച് ചെയ്യുകയാണെന്നിരിക്കട്ടെ. അപ്പോൾ ഗൂഗിൾ ഒരു ഫാസ്റ്റ് ലോഡിംഗ് വെർഷൻ ഓട്ടോമറ്റിക്കായി ലഭ്യമാക്കുകയും അതിലൂടെ യൂസർക്ക് എളുപ്പത്തിൽ സെർച്ച് ചെയ്യാൻ സാധിക്കുകയുമാണ് ചെയ്യുന്നത്.

ഇന്ത്യയിലെ ജനങ്ങൾ സ്മാർട്ട്‌ഫോൺ പോലുള്ള ഡിവൈസുകളിലൂടെ ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന ട്രന്റ് വർധിച്ചു വരികയാണെന്നും എന്നാൽ ഇവയ്ക്ക് വേഗതയില്ലാത്ത കണക്ഷനുകൾ മൂലം ഇത്തരത്തിലുള്ള ഡിവൈസുകളിലൂടെയുള്ള ബ്രൗസിംഗ് ദുസ്സഹമായിരിക്കുകയാണെന്നും ഗൂഗിൾ ഡിസ്റ്റിൻഗ്യൂഷ്ഡ് സോഫ്റ്റ് വെയർ എൻജിനീയർ ഭരത് മഡിരാറ്റ ഒരു ബ്ലോഗിൽ എഴുതിയിരിക്കുന്നു. ഈ വിഷമാവസ്ഥയ്ക്ക് ഗൂഗിളിന്റെ പുതിയ കാൽവയ്പിലൂടെ പരിഹാരമുണ്ടാകുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

ഇന്ത്യയിലെ ടെക്ക് മാർക്കറ്റ് പിടിക്കാൻ പലവിധ തന്ത്രങ്ങളാണ് ഗൂഗിൾ അടുത്തിടെ പയറ്റാൻ തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഗൂഗിൾ ആൻഡ്രോയ്ഡ് വൺ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ആദ്യമായി ഇറക്കിയിരുന്നു. ഇത്തരം ഫോണുകൾ നിർമിക്കാനായി മൈക്രോമാക്‌സ്, കാർബൺ, സ്‌പൈസ് എന്നീ കമ്പനികളുമായി ഗൂഗിൾ കരാറിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ 6,399 രൂപയ്ക്ക് ഹാൻഡ് സെറ്റുകൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കൂടുതൽ പേർക്ക് സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ഗൂഗിൾ ലക്ഷ്യം വയ്ക്കുന്നത്. മറ്റുള്ള ഹാൻഡ് സെറ്റ് നിർമാതാക്കളുമായി ഇതു സംബന്ധിച്ച കരാറുകളിൽ ഏർപ്പെടാനും ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കാനും ഗൂഗിൾ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കൂടുതൽ പ്രാദേശിക ഭാഷകളിൽ സെർച്ചിംഗ് ലഭ്യമാക്കാനും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്. ഇപ്പോൾ രാജ്യത്തെ ഒമ്പത് ഭാഷകളിൽ ഗൂഗിളിലൂടെ സെർച്ച് ചെയ്യാൻ സാധിക്കുന്നുണ്ട്. ലോകമാകമാനം 47 ഭാഷകളിലാണ് ഇന്ന് ഗൂഗിൾ സെർച്ച് സാധ്യമാകുന്നത്.