കരാര്‍ ഒപ്പിട്ടു; തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിക്ക് കീഴില്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അദാനിക്ക് ഔദ്യോഗികമായി കൈമാറി എയര്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ.
 | 
കരാര്‍ ഒപ്പിട്ടു; തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിക്ക് കീഴില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അദാനിക്ക് ഔദ്യോഗികമായി കൈമാറി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കരാറുകള്‍ അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡുമായി ഒപ്പുവെച്ചെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു. തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ ഓപ്പറേഷന്‍, മാനേജ്‌മെന്റ്, വികസനം തുടങ്ങിയവയ്ക്കാണ് കരാര്‍. 50 വര്‍ഷത്തേക്കാണ് ഈ കരാര്‍.

സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ശക്തമായി എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയായിരുന്നു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കരാര്‍ ഒപ്പുവെച്ച് നടത്തിപ്പ് അദാനിക്ക് കൈമാറിയിരിക്കുന്നത്.

കൈമാറ്റത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. കേരള സര്‍ക്കാരിനെ ഒഴിവാക്കിക്കൊണ്ടാണ് നടത്തിപ്പ് കൈമാറ്റം നടത്തിയതെന്നും ലേല നടപടികളില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്.