ചേതൻ ഭഗത്തിന്റെ ഹാഫ് ഗേൾഫ്രണ്ട് തന്റെ കഥയാണെന്ന് എഴുത്തുകാരൻ

പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാൻ ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവലായ ഹാഫ് ഗേൾഫ്രണ്ട് തന്റെ സൃഷ്ടിയാണെന്ന് എഴുത്തുകാരൻ. ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനമായ ബ്രിട്ടീഷ് ലിംഗ്വയുടെ സ്ഥാപകൻ ഡോ ബീർബൽ ജായാണ് ചേതനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
 

പാറ്റ്‌ന: പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാൻ ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവലായ ഹാഫ് ഗേൾഫ്രണ്ട് തന്റെ സൃഷ്ടിയാണെന്ന് എഴുത്തുകാരൻ. ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനമായ ബ്രിട്ടീഷ് ലിംഗ്വയുടെ സ്ഥാപകൻ ഡോ ബീർബൽ ജായാണ് ചേതനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

തന്റെ ദ്വൈഭാഷാ നാടകമായ ഇംഗ്ലീഷ് ബോലിയുടെ പകർപ്പാണ് ചേതൻ ഭഗത്തിന്റെ പുതിയ നോവൽ ഹാഫ് ഗേൾഫ്രണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളേയും നാടകത്തിന്റെ ഇതിവൃത്തങ്ങളേയും ചേതൻ പകർത്തിയിരിക്കുകയാണെന്നും അത് യാദൃഛികമായി സംഭവിച്ചതല്ലെന്നും ബീർബൽ പറയുന്നു.

ഹാഫ് ഗേൾഫ്രണ്ട് പ്രസിദ്ധീകരിക്കുന്നതിന് ഒരു വർഷം മുമ്പ് താൻ നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ സ്ഥാപനത്തിൽ ചേതൻ ഭഗത് സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു. അന്ന് താൻ വിദ്യാർത്ഥികൾക്കായി എഴുതിയ ചില പുസ്തകങ്ങളോടൊപ്പം തന്റെ നാടകവും ചേതന് സമ്മാനിച്ചു.

ചേതനെതിരെ വക്കീൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബീർബൽ കൂട്ടിച്ചേർത്തു. എന്നാൽ കോപ്പിയടി ആരോപണത്തൽ ചേതൻ ഭഗത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.