ഹാരിപോർട്ടർ ചെറുകഥകൾ പ്രസിദ്ധീകരിക്കുമെന്നത് കെട്ടുകഥ: റൗളിംഗ്

ക്രിസ്തുമസിനോടനുബന്ധിച്ച് 12 ഹാരിപോർട്ടർ ചെറുകഥകൾ പുറത്തിറക്കുന്നുവെന്ന വാർത്ത ഹാരിപോർട്ടറിന്റെ സ്രഷ്ടാവ് ജെ.കെ.റൗളിംഗ് നിഷേധിച്ചു. റൗളിംഗിന്റെ സൈറ്റായ പോട്ടർമോറിലൂടെ കഥകൾ ഈ മാസം റിലീസ് ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്.
 

 

ലോസ് ഏഞ്ചൽസ്: ക്രിസ്തുമസിനോടനുബന്ധിച്ച് 12 ഹാരിപോർട്ടർ ചെറുകഥകൾ പുറത്തിറക്കുന്നുവെന്ന വാർത്ത ഹാരിപോർട്ടറിന്റെ സ്രഷ്ടാവ് ജെ.കെ.റൗളിംഗ് നിഷേധിച്ചു. റൗളിംഗിന്റെ സൈറ്റായ പോട്ടർമോറിലൂടെ കഥകൾ ഈ മാസം റിലീസ് ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചിരുന്നത്. സൈറ്റിലെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങൾ തെറ്റായി ധരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പോട്ടർമോറിന്റെ ഫേസ്ബുക്ക് പേജ് ഇതിനോട് പ്രതികരിച്ചത്. ഈ തെറ്റായ വിവരം മൂലം പോർട്ടറിന്റെ ആരാധകർക്കുണ്ടായ നിരാശയിൽ ഖേദിക്കുന്നതായും ഇവർ പറയുന്നു.

ഹാരിപോർട്ടർ നോവലുകളിലൂടെ ലോകമാകമാനമുള്ള കോടിക്കണക്കിനാളുകളുടെ മനം കവർന്ന റൗളിംഗിന്റെ തൂലികയിൽ നിന്ന് പുതിയ സൃഷ്ടികൾ പുറത്തിറങ്ങുന്നുവെന്ന വാർത്തയറിഞ്ഞ് ആരാധകർ മതിമറന്നിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഓരോ ദിവസങ്ങളിൽ ഓരോ ചെറുകഥകൾ പുറത്തിറങ്ങുമെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. എന്നാൽ പുതിയ വാർത്തയെ അവർ അൽപം നിരാശയോടെയാണ് ആരാധകർ ഉൾക്കൊള്ളുന്നത്.

സമീപകാലത്തായി തന്റെ പുതിയ സൃഷ്ടികൾ പോർട്ടർമോറിലൂടെ പുറത്തുവിടാൻ റൗളിംഗ് താൽപര്യം കാണിക്കുന്നതായാണ് കണ്ടുവരുന്നത്. ഏതാനു മാസങ്ങൾക്ക് മുമ്പ് ഹാരിപോർട്ടർ കഥകളിലെ ഒരു കഥാപാത്രമായ സെലെസ്റ്റിനയുടെ ജീവചരിത്രം പോർട്ടർമോറിലൂടെ എഴുതിക്കൊണ്ട് ജെ.കെ.റൗളിംഗ് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.

ഹാരിപോർട്ടർ സീരീസിലെ സെലെസ്റ്റിന തനിക്കിഷ്ടപ്പെട്ട ഓഫ്‌സ്റ്റേജ് കഥാപാത്രമാണന്നാണ് റൗളിംഗ് അതിൽ പറഞ്ഞത്. ഹാരിപോർട്ടറുടെ ഏഴ് വാല്യങ്ങളിലും സെലെസ്റ്റിനയെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ഒരിക്കലും രംഗത്ത് വരാത്ത കഥാപാത്രമാണിത്. സെലെസ്റ്റിനയെന്ന പേര് തനിക്ക് ലഭിച്ചതിന്റെ വഴികളെപ്പറ്റിയും റൗളിംഗ് വിശദീകരിച്ചിരുന്നു. തനിക്കൊപ്പം ജോലി ചെയ്ത ഒരു സുഹൃത്തിന്റെ പേരായിരുന്നു സെലസ്റ്റിനയെന്നും എഴുത്തുകാരി വെളിപ്പെടുത്തിയിരുന്നു. ഇതുപോലെ തുടർന്നും പോർട്ടർമോറിലൂടെ കഥകൾ വായിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരാണിപ്പോൾ നിരാശയിലായിരിക്കുന്നത്.