ഗായകൻ അയിരൂർ സദാശിവൻ വാഹനപകടത്തിൽ മരിച്ചു

പ്രശസ്ത പിന്നണി ഗായകൻ അയിരൂർ സദാശിവൻ (78) വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. അങ്കമാലിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സ്വദേശമായ അടൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
 

 

ആലപ്പുഴ: പ്രശസ്ത പിന്നണി ഗായകൻ അയിരൂർ സദാശിവൻ (78) വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. അങ്കമാലിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സ്വദേശമായ അടൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മനയ്ക്കച്ചിറയ്ക്ക് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകൻ ശ്രീകുമാറിന് പരിക്കേറ്റു. ശ്രീകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1939ൽ പത്തനംതിട്ടയിലെ അയിരൂരിൽ പദ്മനാഭന്റെയും കുഞ്ഞിക്കുട്ടിയുടേയും മകനായി സദാശിവൻ ജനിച്ചു. ദേവരാജൻ മാസ്റ്ററാണ് അദ്ദേഹത്തെ സിനിമ പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ചത്. ചായം എന്നി ചിത്രത്തിലൂടെ സദാശിവൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി. ഈ ചിത്രത്തിലെ ‘അമ്മേ അമ്മേ’ എന്ന ഗാനത്തിലൂടെ അദ്ദേഹം പ്രശസ്തനായി. കലിയുഗം, അജ്ഞാതവാസം, പഞ്ചവടി, കൊട്ടാരം വിൽക്കാനുണ്ട്, രാജഹംസം തുടങ്ങി 28 ഓളം ചിത്രങ്ങളിൽ പാടി.

നാടകരംഗത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ച അദ്ദേഹം നിരവധി ഭക്തിഗാന കാസറ്റുകൾക്കും സംഗീതം നൽകിയിട്ടുണ്ട്. ആകാശവാണിയിൽ സംഗീത സംവിധായകനും ഒഡിഷൻ കമ്മിറ്റി അംഗവുമായും പ്രവർത്തിച്ചു. വിപഞ്ചിക എന്ന ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്. 2004 ൽ സദാശിവന് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. ഭാര്യ: രാധ. മക്കൾ: ശ്രീലാൽ, ശ്രീകുമാർ