ബിനാലെയ്ക്ക് ചുമർച്ചിത്രത്തിലൂടെ പിന്തുണയുമായി ആർഎൽവി വിദ്യാർഥികൾ

ഫോർട്ട് കൊച്ചിയിലെ ബിനാലെ ഫൗണ്ടേഷന്റെ ഓഫീസിനു മുന്നിൽ ഗ്രാഫിക് ചിത്രങ്ങൾ വരച്ച് ഒരു കൂട്ടം കലാകാരൻമാർ കാലാമേളക്ക് പിന്തുണയറിയിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് ഫൈനാർട്സ് വിദ്യാർഥികളുടെയും പൂർവ്വവിദ്യാർഥികളുടെയും കൂട്ടായ്മയായ റേഡിയന്റ് ആർട്ടിസ്റ്റ് യീൽഡിന്റെ (റേ) നേതൃത്വത്തിലായിരുന്നു ചുവരെഴുത്ത് സംഘടിപ്പിച്ചത്.
 


കൊച്ചി: ഫോർട്ട് കൊച്ചിയിലെ ബിനാലെ ഫൗണ്ടേഷന്റെ ഓഫീസിനു മുന്നിൽ ഗ്രാഫിക് ചിത്രങ്ങൾ വരച്ച് ഒരു കൂട്ടം കലാകാരൻമാർ കാലാമേളക്ക് പിന്തുണയറിയിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് ഫൈനാർട്‌സ് വിദ്യാർഥികളുടെയും പൂർവ്വവിദ്യാർഥികളുടെയും കൂട്ടായ്മയായ റേഡിയന്റ് ആർട്ടിസ്റ്റ് യീൽഡിന്റെ (റേ) നേതൃത്വത്തിലായിരുന്നു ചുവരെഴുത്ത് സംഘടിപ്പിച്ചത്.

പി.എസ്.ജലജയുടെ നേതൃത്വത്തിൽ 25ൽ പരം ചെറുപ്പക്കാർ അഞ്ചുദിവസം രാവും പകലുമില്ലാതെ അധ്വാനിച്ചാണ് ബിനാലെ ഫൗണ്ടേഷൻ ഓഫീസിന്റെ മതിലിനെ മനോഹരമാക്കിയത്. ചുവപ്പും നീലയും മഞ്ഞയും കറുപ്പും നിറങ്ങളാണ് 30 മീറ്റർ നീളം വരുന്ന ചുമരിലെ ചിത്രങ്ങളിലുള്ളത്. മനുഷ്യരുടെ നിഴലുകളും ഇടവിട്ട് ചിത്രീകരിച്ചിരിക്കുന്നു.

ഫോർട് കൊച്ചിയിലെ പല സ്ഥലങ്ങളിലും കൊച്ചി മുസ്സിരിസ് ബിനാലെ 2014നോടനുബന്ധിച്ച് ഇവർ ചുവർചിത്രങ്ങൾ വരച്ചിരുന്നു. തങ്ങളുടെ ‘വർക്കിംഗ്ക്ലാസ് ഹീറോസ്’ എന്ന പരമ്പരയുടെ തുടർച്ചയായാണ് ചുവർ ചിത്രങ്ങൾ വരയ്ക്കുന്നതെന്ന് ശിൽപി ജസീന്തർ റോക്‌ഫെല്ലർ പറഞ്ഞു. ചുമട്ടുതൊഴിലാളികളും തൂപ്പുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും തയ്യൽക്കാരും കൽപ്പണിക്കാരുമെല്ലാം ഇതിൽ ബിംബങ്ങളാകുന്നു.