ടെയ്‌ലർ സ്വിഫ്റ്റിന്റെ സ്‌റ്റൈൽ
ടെയ്ലർ സ്വിഫ്റ്റിന്റെ പുതിയ സിംഗിൾ സ്റ്റൈൽ പുറത്തിറങ്ങി. ടെയ്ലർ സ്വിഫ്റ്റിന്റെ മുൻ കാമുകനും വൺ ഡയറക്ഷൻ എന്ന ബാൻഡിലെ അംഗവും ഗായകനുമായ ഹാരി സ്റ്റൈൽസിനെക്കുറിച്ചെഴുതിയ ഗാനമാണ് സ്റ്റൈൽ എന്ന ഗോസിപ്പുകൾ നേരത്തെ പുറത്തുവന്നിരുന്നു. ടെയ്ലർ സ്വിഫ്റ്റിന്റെ പുതിയ ആൽബം 1989 ലെയാണ് സ്റ്റൈൽ എന്ന ഗാനം.
ആൽബത്തിലെ ഷെയ്ക്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്‌പെയ്‌സ് എന്ന ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച വിജയം നേടിയ ആൽബം വിൽപ്പനയിലും മുൻപന്തിയിലാണ്. 2002ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്‌പെയ്‌സ് എന്ന ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഷെയ്ക്ക് ഇറ്റ് ഓഫ് എന്ന ഗാനത്തിന്റെ വിഡിയോ ഇതുവരെ 57 കോടി ആളുകളും നവംബറിൽ പുറത്തിറങ്ങിയ ബ്ലാങ്ക് സ്‌പെയ്‌സ് 50 കോടി ആളുകളുമാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.
അമേരിക്കൻ കൺട്രി സംഗീതത്തിൽ പകരം വെയ്ക്കാനില്ലത്ത വ്യക്തിത്വമാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്റ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കൺട്രി സംഗീതത്തിലെ പ്രഗത്ഭരുടെ പട്ടികയിൽ ഇടം പിടിച്ചു സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012) എന്നീ ആൽബങ്ങൾ പുറത്തിറക്കി. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീത്തിലേയ്ക്കുള്ള സ്വിഫ്റ്റിന്റെ മാറ്റമാണ് ഏറ്റവും പുതിയ ആൽബം 1989. അമേരിക്കൻ സംഗീത ലോകത്തെ മിന്നും താരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച ഈ ഇരുപത്തിയഞ്ചുകാരി, ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, പന്ത്രണ്ട് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.