ടെസ്‌ല ഇന്ത്യന്‍ നിരത്തില്‍, വില 60 ലക്ഷം, 600 കി.മി റേഞ്ച്

മോഡല്‍ വൈ ആണ് ആദ്യം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക.
 

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തി. ടെസ്‌ല വാഹന നിരയിലെ എസ്‌യുവിയായ മോഡല്‍ വൈ ആണ് ആദ്യം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. സ്റ്റാന്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ടെസ്‌ല മോഡല്‍ വൈക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അവതരണത്തിന് പിന്നാലെ ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിലെ ബാന്ദ്ര ബിര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ എത്തിച്ചിരിക്കുന്ന മോഡല്‍ വൈ എസ്‌യുവിയുടെ സ്റ്റാന്റേഡ് വേരിയന്റിന് ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെയാണ് റേഞ്ച് ലഭിക്കുന്നത്. അതേസമയം, ലോങ് റേഞ്ച് പതിപ്പിന് 622 കിലോമീറ്റര്‍ റേഞ്ചാണ് ടെസ്‌ല ഉറപ്പുനല്‍കുന്നത്. 5.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 210 കിലോമീറ്ററാണ് പരമാവധി വേഗത.

ടെസ്‌ലയുടെ വാഹന നിരയിലെ ഫീച്ചര്‍ സമ്പന്നമായ മോഡലാണ് മോഡല്‍ വൈ. 15.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹീറ്റഡ്-വെന്റിലേറ്റഡ് സംവിധാനങ്ങളുള്ള മുന്‍നിര സീറ്റുകള്‍, ഒമ്പത് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, എട്ട് ഇഞ്ച് റിയര്‍ സ്‌ക്രീന്‍, ആംബിയന്റ് ലൈറ്റ്, എട്ട് എക്സ്റ്റീരിയര്‍ ക്യാമറകള്‍, പനോരമിക് ഗ്ലാസ് റൂഫ്, മുന്നിലും പിന്നിലുമായി നല്‍കിയിട്ടുള്ള പവേഡ് എസി വെന്റുകള്‍ എന്നിങ്ങനെ നീളും ഈ ഇലക്ട്രിക് എസ്‌യുവിയുട അകത്തളത്തിലെ ഫീച്ചറുകള്‍.

ടെസ്ല മോഡല്‍ Yയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. വാഹനത്തിന് ന്യൂജെന്‍ ലുക്ക് നല്‍കുന്ന നേര്‍ത്ത ലൈറ്റുകള്‍, പിന്നില്‍ നല്‍കിയിട്ടുള്ള കണക്ടഡ് ടെയ്ല്‍ ലാമ്പ് എന്നിവ പുതുതലമുറ വാഹനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് നല്‍കിയിട്ടുള്ളത്. പേള്‍ വൈറ്റ്, സ്റ്റെല്‍ത്ത് ഗ്രേ, ഡീപ് ബ്ലൂ മെറ്റാലിക്, അള്‍ട്രാ റെഡ്, ക്വിക്ക് സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളും ഡിസൈനിന് മാറ്റുകൂട്ടുന്നു. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളാണുള്ളത്.

മികച്ച വാറണ്ട് പാക്കേജും ടെസ്‌ലയുടെ കാറിന് നല്‍കുന്നുണ്ട്. 80000 കിലോമീറ്റര്‍ അല്ലെങ്കില്‍ നാല് വര്‍ഷമാണ് മോഡല്‍ വൈ-ക്ക് നിര്‍മാതാക്കള്‍ നല്‍കുന്ന വാറണ്ടി. അതേസമയം, ഈ വാഹനത്തിലെ ബാറ്ററിക്ക് എട്ട് വര്‍ഷവും 1,92,000 കിലോമീറ്ററുമാണ് വാറണ്ടി. ഇന്ത്യയില്‍ എത്തുന്ന മോഡല്‍ വൈയില്‍ ഓട്ടോ പൈലറ്റ് സംവിധാനം അടിസ്ഥാന ഫീച്ചറായി നല്‍കുന്നില്ലെങ്കിലും ആറ് ലക്ഷം രൂപ അധികമായി നല്‍കിയാല്‍ ഇത് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.