പി.കെയുടെ ആദ്യപ്രദർശനം ഖാൻമാർക്ക് വേണ്ടി
മുംബൈ: ആമിർ ഖാന്റെ പുതിയ ചിത്രമായ പികെയുടെ ആദ്യപ്രദർശനം സൽമാൻ ഖാനും ഷാരൂഖ് ഖാനും വേണ്ടി മാത്രമായിരിക്കുമെന്ന് ബോളിവുഡ് വാർത്തകൾ. ഈ മാസം അവസാനമാണ് പികെ റിലീസാവുക. എന്നാൽ ചിത്രം കാണണമെന്ന് ഷാരുഖും സൽമാനും ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇരുവർക്കും വേണ്ടി പ്രത്യേക പ്രദർശനമൊരുക്കാൻ ആമിർഖാൻ തീരുമാനിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവർക്കുമായി ചിത്രം പ്രദർശിപ്പിക്കുമെന്നാണ് അറിയുന്നത്.
ഖാൻമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ബോളിവുഡ് മാധ്യമങ്ങൾ ചർച്ചയാക്കാറുണ്ട്. എന്നാൽ ഇവയെല്ലാം തള്ളി സൽമാന്റെ സഹോദരി അർപ്പിതയുടെ വിവാഹത്തിനും ഡൽഹിയിൽ നടന്ന ഒരു ചടങ്ങിലും മൂവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു.
ത്രീ ഇഡിയറ്റസിന് ശേഷം ആമിറും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ചിത്രമാണ് പി.കെ. അനുഷ്‌ക ശർമ്മയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അനുഷ്‌ക ശർമ്മ, ഡോളി ബിൻദ്ര, സുശാന്ത് സിങ് രാജ്പുത്ര്, ബോമൻ ഇറാനി, സൗരഭ് ശുക്ല, അമിൻ ഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വിധു ചോഹ്രീപ ഫിലിംസ്, രാജ് കുമാർ ഹിറാനി ഫിലിംസ്, യു ടിവി മോഷൻ പിക്‌ചേർഴ്‌സ് ഫിലിംസ് എന്നിവരുടെ ബാനറിൽ രാജ്കുമാർ ഹിറാനി, വിധു വിനോദ് ചോപ്ര, സിദ്ധാർഥ് റോയ് കപൂർ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.