അസിന് വരനെ കണ്ടെത്തിയത് താനെന്ന് അക്ഷയ്കുമാർ

ബോളിവുഡ് താരം അസിന് വരനെ കണ്ടെത്തിയത് താനാണെന്ന് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തൽ. ഡൽഹിയിലുളള വ്യവസായി രാഹുൽ ശർമ്മയുമായി വിവാഹം നിശ്ചയിച്ച കാര്യം കഴിഞ്ഞ ദിവസമാണ് അസിൻ വെളിപ്പെടുത്തിയത്.
 

 
മുംബൈ: ബോളിവുഡ് താരം അസിന് വരനെ കണ്ടെത്തിയത് താനാണെന്ന് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തൽ. ഡൽഹിയിലുളള വ്യവസായി രാഹുൽ ശർമ്മയുമായി വിവാഹം നിശ്ചയിച്ച കാര്യം കഴിഞ്ഞ ദിവസമാണ് അസിൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നാല് വർഷമായി താൻ ഈ രഹസ്യവും പേറി നടക്കാൻ തുടങ്ങിയിട്ടെന്നും അക്ഷയ് കുമാർ പറയുന്നു.
സിനിമാ താരം ജാക്വിലിൻ ഫെർണാണ്ടസും താനും ചേർന്നാണ് അവരെ ഒന്നിപ്പിച്ചത്. പക്ഷേ അക്കാര്യം അസിനറിയില്ലെന്നും അക്ഷയ് വെളിപ്പെടുത്തുന്നു. കാരണം അതീവ രഹസ്യമായാണ് താൻ കരുക്കൾ നീക്കിയത്. രാഹുലിന്റെ അടുത്ത സുഹൃത്താണ് താൻ. ഖിലാഡി 786, ഹൗസ്ഫുൾ ടു തുടങ്ങിയ ചിത്രങ്ങളിൽ അസിനൊപ്പം അക്ഷയ് അഭിനയിച്ചിട്ടുണ്ട്. അസിനേക്കാൾ പത്ത് വയസ് മൂത്തയാളാണ് പ്രതിശ്രുത വരൻ രാഹുൽ.

താൻ അവരെ തമ്മിൽ കൂട്ടിയോജിപ്പിച്ചതെങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അത് കേട്ട് ആരും ചിരിക്കരുതെന്ന അഭ്യർത്ഥനയോടെയാണ് ആ വെളിപ്പെടുത്തൽ. സംഭവം ഇങ്ങനെ. ഹൗസ്ഫുള്ളിന്റെ ചിത്രീകരണ സമയത്ത് ഡൽഹിയിലായിരുന്ന ഇവർ എല്ലാവരും കൂടി ഒളിച്ച് കളിച്ചു പോലും. അസിനെയും രാഹുലിനെയും ഒന്നിച്ച് ഒരു അലമാരയിൽ ഒളിപ്പിച്ചു. ആ ഒളിപ്പിക്കൽ പ്രണയത്തിലേക്കുളള വാതിലാണ് ഇരുവർക്കും തുറന്ന് നൽകിയത്. അത് ഇപ്പോൾ വിവാഹത്തിൽ കലാശിക്കുന്നുവെന്നും അക്ഷയ് കുമാർ പറഞ്ഞു.