‘ദിൽവാലേ ദുൽഹനിയ’ പ്രദർശനം അവസാനിക്കില്ല

മുംബൈയിലെ മറാത്താ മന്ദിർ സിനിമാ തിയേറ്ററിൽ 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ' പ്രദർശനം തുടരും.
 

 

മുംബൈ: മുംബൈയിലെ മറാത്താ മന്ദിർ സിനിമാ തിയേറ്ററിൽ ‘ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ’ പ്രദർശനം തുടരും. ഈ മാസം 19 ന് രാവിലെ 9.15 നുള്ള ഷോയോടെ ഡി.ഡി.എൽ.ജെയും മറാത്താ മന്ദിറും തമ്മിലുള്ള 20 വർഷം നീണ്ട പ്രണയത്തിന് തിരശീല വീണിരുന്നു. എന്നാൽ ഷോ തുടരണമെന്നുള്ള ആരാധകരുടെ അഭ്യർത്ഥന മാനിച്ച് പ്രദർശനം തുടരാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ. രാവിലെ 11:30 നുള്ള പ്രദർശനം തുടരുമെന്ന് പ്രൊഡക്ഷൻ കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

റിലീസ് ചെയ്ത് 1009 ആഴ്ചകൾ തുടർച്ചയായി നടന്ന പ്രദർശനത്തിനാണ് വിരാമമിടാനൊരുങ്ങിയത്. പ്രദർശനം അവസാനിപ്പിക്കാൻ തിയേറ്റർ ഉടമകളും യഷ്‌രാജ് ഫിലിംസും തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ അവസാന പ്രദർശനത്തിൽ 210 കാഴ്ചക്കാരാണുണ്ടായിരുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരേ തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോഡ് ഡി.ഡി.എൽ.ജെയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

1995 ഒക്ടോബർ 19 നാണ് ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രം പുറത്തിറങ്ങിയത്. ഷാരൂഖ് ഖാനും കാജോളും പ്രണയ ജോടികളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യ ചോപ്രയും നിർമ്മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസുമാണ്. പ്രദർശനം ആയിരം ആഴ്ച തികച്ചതിന്റെ ആഘോഷവും കഴിഞ്ഞ ഡിസംബറിൽ നടത്തിയിരുന്നു. 20,17,15 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.