പി.കെ മോഷ്ടിച്ചതെന്ന് പരാതി; ഒരു കോടി ആവശ്യപ്പെട്ട് നോവലിസ്റ്റ് രംഗത്ത്

ആമിർ ഖാന്റെ എക്കാലത്തേയും മികച്ച ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന പി.കെ മോഷ്ടിച്ചതാണെന്ന പരാതിയുമായി നോവലിസ്റ്റ് രംഗത്ത്.
 

ന്യൂഡൽഹി: നോവലിസ്റ്റ് കപിൽ ഇസാപുരിയാണ് 2013 ൽ പുറത്തിറങ്ങിയ തന്റെ നോവൽ ഫരിഷ്ടയുടെ ഭാഗങ്ങൾ മോഷ്ടിച്ചതെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകൻ രാജ് കുമാർ ഹിരാനി, നിർമ്മാതാവ് വിധു വിനോദ് ചോപ്ര എന്നിവർക്കെതിരെ നൽകിയ പരാതിയിൽ ഇരുവരും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

ചിത്രത്തിന്റെ നിർമ്മാതാവ് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നാണ് കപിൽ ഇസാപുരിയുടെ ആവശ്യം. തന്റെ നോവലിലെ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ആശയങ്ങളും മോഷ്ടിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം ചിത്രം മോഷ്ടിച്ചതല്ലെന്നും തിരക്കഥ മുംബൈയിലെ റൈറ്റേഴ്‌സ് അസോസിയേഷനിൽ 2010 ജൂലൈ 29ന് ‘ഘർ ജാനാ ഹൈ’ എന്ന പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും നിർമ്മാതാക്കൾ പറയുന്നു. എന്നാൽ നോവലിന്റെ കൈയെഴുത്തുപ്രതി 2009 ഒക്ടോബറിൽ പ്രസിദ്ധീകരണ ശാലയിൽ നൽകിയതായാണ് നോവലിസ്റ്റിന്റെ വാദം.