ഒമ്പതാംവയസ്സിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് ഹിന്ദി നടി

ഒമ്പതാം വയസ് മുതൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഹിന്ദി സിനിമാതാരം, നാടകനടി എന്നീ നിലകളിൽ ശ്രദ്ധേയായ പൂർണ ജഗന്നാഥന്റെ വെളിപ്പെടുത്തൽ. ലോക ബാങ്കിന്റെ വീവോൾവ് എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച ഡോക്യുമെന്ററിയിലാണ് പൂർണ മനസ്സ് തുറന്നത്.
 
മുംബൈ:

നയതന്ത്രജ്ഞനായ പിതാവ് മദ്യപാനത്തിന് അടിമയായിരുന്നു. ഒമ്പതാം വയസ്സിലാണ് ആദ്യമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. കുടുംബസുഹൃത്തും അയൽവാസിയുമായ ഒരാളായിരുന്നു തന്നെ ഉപദ്രവിച്ചത്. ആ പ്രായത്തിൽ അയാളെന്റെ മേൽ കൈവെച്ചു. ആരോടും പറയരുത് എന്നു പറഞ്ഞിട്ടായിരുന്നു ഇത്. കുട്ടിക്കാലത്തും യൗവനത്തിലും പിന്നീട് പല തവണ ലൈംഗിക പീഡനത്തിന് ഇരയായി. പലതും വയലന്റായിരുന്നു. അവയൊന്നും തുറന്നു പറയാനാവില്ല. പറയരുതാത്ത ചില കാര്യങ്ങൾ അതിലുണ്ട്, പൂർണ്ണ ഓർക്കുന്നു. പെൺകുട്ടി എന്ന നിലയിൽ ദില്ലിയിലെ ബസ് യാത്രപോലെ ദുരിതകരമായ മറ്റൊരു അനുഭവമില്ലെന്നും പൂർണ പറയുന്നു.

ഡൽഹി ബെല്ലി എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നടിയുടെ നിർഭയ എന്ന നാടകത്തിന് ആംനസ്റ്റി ഇന്റർനാഷനലിന്റെ 2013ലെ അവാർഡ് ലഭിച്ചിരുന്നു.