പ്രിയങ്കയും നിക്ക് ജോനാസും വീണ്ടും ‘വിവാഹിതരാകുമോ’? വിവാഹച്ചടങ്ങുകള്‍ ബുര്‍ജ് ഖലീഫയില്‍ നടത്താന്‍ ക്ഷണം
ദുബായ്: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും ഗായകന് നിക്ക് ജോനാസിനും ബുര്‍ജ് ഖലീഫയില്‍ വെച്ച് വിവാഹടച്ചടങ്ങുകള് വീണ്ടും നടത്താന്‍ ക്ഷണം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍, എമാര്‍ ഗ്രൂപ്പാണ് താരദമ്പതികളെ ക്ഷണിച്ചിരിക്കുന്നത്. രണ്ടു മതാചാരങ്ങള്‍ അനുസരിച്ച് രണ്ടു ദിവസങ്ങളിലായാണ് ഇവര്‍ വിവാഹിതരായത്.
ഈ മാസം ആദ്യം ജോധ്പൂരിലെ ഉമൈദ് ഭവന് കൊട്ടാരത്തില്‍ വെച്ചായിരുന്നു ഇവര്‍ കത്തോലിക്കാ വിശ്വാസ പ്രകാരം വിവാഹിതരായത്. പിന്നീട് അടുത്ത ദിവസം ഹിന്ദു മതാചാര പ്രകാരം ഇവരുടെ വിവാഹച്ചടങ്ങുകള്‍ വീണ്ടും നടത്തി. പിന്നീട് വാരാന്ത്യത്തില്‍ നടന്ന റിസപ്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
വെള്ളിയാഴ്ച പുറത്തു വിട്ട ട്വീറ്റിലാണ് ദുബായില്‍ വെച്ച്, അതും ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടത്തില്‍ വെച്ച് വിവാഹച്ചടങ്ങുകള്‍ വീണ്ടും നടത്താനുള്ള ക്ഷണം എമാര്‍ ഗ്രൂപ്പ് മുന്നോട്ടു വെച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വാഗ്ദാനം ഏറ്റെടുക്കണമെന്നാണ് ആരാധകര്‍ പ്രിയങ്കയോടും നിക്കിനോടും ആവശ്യപ്പെടുന്നത്. ഇനി ഒരു മൂന്നാം കെട്ടിന് ദമ്പതികള്‍ നിന്നു കൊടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.