ഹിറ്റ് ആന്റ് റൺ കേസിലെ തെളിവുകൾ കത്തി നശിച്ചെന്ന് മഹാരാഷ്ട്ര സർക്കാർ
മുംബൈ: 2002ൽ മദ്യപിച്ച് വാഹനമോടിച്ച് ഉറങ്ങിക്കിടന്നയാളെ കൊലപ്പെടുത്തിയ ബോളിവുഡ് താരം സൽമാൻ ഖാന്റെ കേസിലെ തെളിവുകൾ നശിച്ചു പോയെന്ന് മഹാരാഷ്ട്ര സർക്കാർ. 2012 ജൂൺ 21ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഇവ കത്തിനശിച്ചുവെന്നാണ് ഗവൺമെന്റ് അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം കേസിലെ അഭിഭാഷകരുടേയും മറ്റും വിവരങ്ങൾ മൻസൂർ ദർവേഷ് എന്ന വിവരാവകാശ പ്രവർത്തകൻ ആവശ്യപ്പെട്ടപ്പോഴാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നശിച്ചു പോയ ഫയലുകളെല്ലാം വൈകാതെ തിരിച്ചെടുക്കാനുള്ള നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
കേസിൽ സൽമാനെ മുബൈ സെഷൻസ് കോടതി മേയ് ആറിന് അഞ്ചു വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് രണ്ടു ദിവസത്തേക്ക് സൽമാന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അപ്പീൽ വിശദമായ വാദം കേൾക്കാനായി ഫയലിൽ സ്വീകരിച്ച കോടതി ഈ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ സൽമാന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു. കോടതി നടപടി വൻ വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം സൽമാൻ ഖാന് ദുബായ് യാത്രയ്ക്കു ബോംബെ ഹൈക്കോടതി അനുമതി നൽകി. ഇതിനായുള്ള സൽമാന്റെ അപേക്ഷ അംഗീകരിച്ച ജസ്റ്റിസ് ശാലിനി ഫൻസാൽകർ, മടങ്ങിയെത്തി 12 മണിക്കൂറിനകം പാസ്‌പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നു നിർദേശിച്ചു.