പ്രണയത്തിന്റെ ആയിരം ആഴ്ചകൾ ആഘോഷമാക്കാൻ ഷാരൂഖും കജോളും മറാത്താ മന്ദിറിൽ
മുംബൈ: പ്രണയത്തിന്റെ സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ച ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ പ്രദർശനത്തിനെത്തിയിട്ട് ആയിരം ആഴ്ചകൾ പിന്നിട്ട ദിനം ആഘോഷമാക്കാൻ രാജും, സിമ്രാനും മുംബൈയിലെ മറാത്താ മന്ദിർ തിയറ്ററിലെത്തി. ഇന്ത്യൻ സിനിമയിലെ ചരിത്ര ദിനം ആഘോഷമാക്കാൻ തിയറ്ററിൽ എത്തിയ ആളുകൾക്ക് പ്രിയ കഥാപാത്രങ്ങളെ കൺമുന്നിൽ കണ്ടപ്പോൾ വിശ്വസിക്കാനായില്ല.
താരങ്ങളെ വരവേൽക്കാൻ വൻ സന്നാഹമാണ് തിയറ്ററിൽ ഒരുങ്ങിയിരുന്നത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു ഷാരൂഖും കാജോളും തിയറ്ററിലേക്ക് എത്തിയത്. ഷാരൂഖിന്റെ കൈപിടിച്ച് വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടൊൈണ് കാജോൾ സ്‌റ്റേജിലേക്ക് പ്രവേശിച്ചത്. കാലിലെ പരുക്ക് അൽപം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും കാജോൾ അതൊന്നും വകവെച്ചില്ല. ഇരുവരും സ്‌റ്റേജിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഷാരൂഖിനും കാജോളിനും സൗഹൃദം പങ്കുവെയ്ക്കാനുള്ള വേദിയായി മറാത്ത മന്ദിർ മാറി. തിയറ്ററിൽ അണിനിരന്ന ആളുകൾക്ക് അതൊരു ദൃശ്യവിരുന്നായിരുന്നു. ചിത്രത്തിലെ സംഭാക്ഷണങ്ങളും ഗാനങ്ങളും വീണ്ടും അവതരിച്ചു. ഷാരൂഖിന്റെ തമാശകൾ സ്‌റ്റേജിനെ ഇളക്കി മറിച്ചു. ഏറെ നേരം പ്രക്ഷകരുമായി സംവദിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
1995 ഒക്ടോബർ 5 ന് പ്രദർശനത്തിനെത്തിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, മറാത്താ മന്ദിർ തിയറ്ററിൽ കഴിഞ്ഞ 19 വർഷം തുടർച്ചയായി പ്രദർശിപ്പിച്ചു വരികയാണ്. ചിത്രത്തിന്റെ വിജയത്തിൽ വ്യക്തമായ പങ്കുവഹിച്ച തിയറ്ററിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചതോടെയാണ് താരങ്ങൾ എത്തിയത്.