ഹവായിസാദയിലെ പുതിയ ഗാനം
ഹവായിസാദയിലെ പുതിയ ഗാനം ഉഡ് ജായേങ്ക പുറത്തിറങ്ങി. മങ്കേഷ് ഡാങ്കേ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സുഖ്വേന്ദ്രർ സിങ്ങും രൺദീപ് ഭാസ്കറും ചേർന്നാണ്. വിഭു വിരേന്ദ്രർ പുരിയാണ് വരികളെഴുതിയിരിക്കുന്നത്. ആയുഷ്മാൻ വിമാനമുണ്ടാക്കാൻ ശ്രമിക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം.
ലോകത്ത് ആദ്യമായി ആളില്ല വിമാനം പറത്തിയ ശിവാകർ ബാപ്പുജി താൽപ്പഡെയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ഹവായിസാദ. അമേരിക്കക്കാരായ റൈറ്റ് സഹോദരൻമാർ വിമാനം പറത്തുന്നതിന് എട്ട് വർഷം മുമ്പ് വിമാനം പറത്തിയ ശിവാകർ ബാപ്പുജി താൽപ്പഡെയായി എത്തുന്നത് ആയുഷ്മാൻ ഖുറാനയാണ്.
വിഭു പുരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വിഭു പുരിയും സൗരഭ് ആർ ബാവേയും ചേർന്നാണ് എഴുതിയിരിക്കുന്നത്. ആയുഷ്മാൻ ഖുറാനയെ കൂടാതെ പല്ലവി ശാർദ, മിഥുൻ ചക്രബർത്തി തുടങ്ങിയവർ അഭിനയിക്കുന്നു. ആയുഷ്മാനെ കൂടാതെ റോചക്ക് കോലി, വിശാൽ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. റിലയൻസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ വിശാൽ ഗുർനാനി, രാജേഷ് ബാംഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരിയിൽ തീയേറ്ററിലെത്തും.