രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം കരയാന്‍ തോന്നിയതായി ഷാരൂഖ് ഖാന്‍
ന്യൂഡല്ഹി: രാജ്യത്തോടുളള തന്റെ സ്നേഹം ചോദ്യം ചെയ്യപ്പെട്ട സന്ദര്ഭങ്ങളിലെല്ലാം അതീവ വേദന തോന്നിയതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്. പല ഘട്ടങ്ങളിലും നിയന്ത്രണം നഷ്ടമായി കരച്ചില് വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. താനും ഈ രാജ്യക്കാരനാണെന്നും മറ്റാരെയും പോലെ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യസമരസേനാനിയുടെ പേരമകന്കൂടിയായ ഷാരൂഖ് പറഞ്ഞു.
രാജ്യം ആരെയാണോ നേതാവായി തിരഞ്ഞെടുക്കുന്നത് അവരെ രാജ്യത്തിന്റെ ഉന്നമനത്തിനായി പിന്തുണക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഷാരൂഖ് തന്റെ തൊഴില്‍ ജനങ്ങളെ രസിപ്പിക്കുകയാണെന്നും പറഞ്ഞു.
മതപരമായ അസഹിഷ്ണുത രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുമെന്ന ഷാരൂഖിന്റെ പ്രസ്താവന വിവാദമായിരുന്നു. നിരവധി ഹൈന്ദവസംഘടനാനേതാക്കള്‍ ഷാരൂഖിനെതിരെ രംഗത്തുവന്നിരുന്നു. ഷാരൂഖിനോട് പാക്കിസ്താനിലേക്ക് പോകാനും ചില തീവ്രസ്വഭാവമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.