കരളുറപ്പുണ്ടെങ്കിൽ വാ…, വല്യേട്ടൻ വീണ്ടും തീയറ്ററുകളിൽ; 4K ട്രെയ്‌ലർ പങ്കുവച്ച് മമ്മൂട്ടി

 

മമ്മൂട്ടിയുടെ ക്ലാസിക് മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടന്റെ ട്രെയിലർ പുറത്തിറങ്ങി. 2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 29 ന് 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

ടീസർ ദൃശ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ക്ലാസിക് ആക്ഷൻ ചിത്രം 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രത്തിലെ ശബ്ദത്തിനും പ്രാധാന്യം നൽകിയാണ് ‘വല്ല്യേട്ടൻ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനിൽ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.

രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു.