മലയാള സിനിമയുടെ പെരുന്തച്ചൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം 

 

തിലകൻ എന്ന മലയാളത്തിന്റെ അഭിനയ സാമ്രാട്ട് വിടവാങ്ങിയിട്ട് ഇന്നേക്ക് 11 വർഷം തികയുന്നു. ശബ്ദഗാഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ ആയിരുന്നു തിലകൻ. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതൻ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികൾ ഇന്നും നെഞ്ചോടു ചേർത്തുവെയ്ക്കുന്ന കഥാപാത്രങ്ങളാണ്.

തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956ൽ പഠനം ഉപേക്ഷിച്ച് നാടകനടനായി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ 'ഞങ്ങളുടെ മണ്ണാണ്' എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടക സംവിധാനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെപിഎസിയിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ.ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു തിലകൻ. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു.

1979ൽ പുറത്തിറങ്ങിയ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് തിലകൻ സിനിമാ രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. 1981 ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, രണ്ടാം ഭാവം, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. 

രണ്ട് വട്ടം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം, ദേശീയ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം, 2012ൽ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമർശം, ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം, കൂടാതെ മറ്റ് പുരസ്‌കാരങ്ങൾ തിലകന് ലഭിച്ചു. 2009ൽ പത്മശ്രീ നല്കി രാഷ്ട്രം ഈ അതുല്യ കലാകാരനെ ആദരിച്ചു.